കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തങ്ങളുടെ ടീമിലെ പ്രമുഖ താരങ്ങളെ പുറത്താക്കിയേക്കും. ടീമിലെ പല പ്രമുഖ താരങ്ങളെയും മറ്റു ക്ലബുകള്‍ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ജിങ്കന് ഉള്‍പ്പെടെ ഉള്ള താരങ്ങളെ ആണ് കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായി ദീര്‍ഘകാല കരാര്‍ ഉള്ള താരമാണ് ജിങ്കന്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖമായാണ് ജിങ്കന് അറിയപ്പെടുന്നത്. ക്ലബ് തുടങ്ങിയ കാലം മുതല്‍ ക്ലബിനൊപ്പം ഉള്ള താരമാണ്. പല വന്‍ ഓഫറുകള്‍ വന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ നില്ക്കാന് തീരുമാനിച്ച താരം. എന്നാല്‍ ഇപ്പോള്‍ മാനേജ്മെന്റുമായി ജിങ്കന് ഉടക്കിയതാണ് പുതിയ വഴിത്തിരിവില്‍ എത്തിച്ചിരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ എസ് എല്ലിലെ മൂന്നോളം ക്ലബുകളെ കേരള ബ്ലാസ്റ്റേഴ്സ് ജിങ്കനെ വില്‍ക്കാനായി സമീപിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ആരും വാങ്ങുന്നില്ല എങ്കില്‍ ജിങ്കനുമായി സംസാരിച്ച് കരാര്‍ അവസാനിപ്പിച്ച് താരത്തെ ഫ്രീ ഏജന്റ് ആക്കാനും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ജിങ്കന്. ഈ സീസണില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല എങ്കിലും ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച സെന്റര്‍ ബാക്ക് ജിങ്കന് തന്നെയാണ്. ജിങ്കനെ മാത്രമല്ല സി കെ വിനീത്, ധീരജ് സിംഗ് എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.