കോട്ടയം: വിവാദങ്ങള്‍ക്കും മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കും ഒടുവില്‍ കെഎം മാണി യുഡിഎഫിനോട് ബൈ..ബൈ പറഞ്ഞു. യുഡിഎഫില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിടുന്നത്. ബിജെപിയിലേക്ക് പോകുമെന്നായിരുന്നു സൂചന. എന്നാല്‍, തല്‍ക്കാലം അത്തരം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല.
തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. എംഎല്‍എമാരുടെ യോഗത്തില്‍ പിജെ ജോസഫടക്കം എല്ലാവരും ഈ തീരുമാനം അംഗീകരിച്ചു.
ഇന്നലെ ഫോണില്‍ വിളിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞു മാണി ഒഴിയുകയായിരുന്നു. ഇതിനിടെ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ അനുരഞ്ജനത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ചരല്‍ക്കുന്നില്‍ ആറും ഏഴ് തിയതികളില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
അതേസമയം, എന്‍ഡിഎയില്‍ ചേരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ജോസ് കെ മാണിയും പിസി തോമസുമാണ്. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇവര്‍ ആശയവിനിമയം നടത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.