ബാബുവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മാത്രം 50ഓളം തവണ വിദേശയാത്ര നടത്തി; മാണിക്ക് ഖത്തറില്‍ 300കോടിയുടെ മെഡിക്കല്‍ കോളേജ് ഉണ്ടെന്ന് സൂചന

ministers

തിരുവനന്തപുരം: കെഎം മാണിക്കെതിരെയും കെ ബാബുവിനെതിരെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായാണ് വിജിലന്‍സിന്റെ വരവ്. കേരളത്തില്‍ നിന്നും അഴിമതിയിലൂടെ സമ്പാദിച്ച പണം ഇരുവരും വിദേശത്തേക്ക് കടത്തിയെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ബിനാമി ഇടപാടുകള്‍ പിടിക്കപ്പെടാതിരിക്കാന്‍ ബാബു റിട്ടയേര്‍ഡ് തഹസില്‍ദാരെ തന്നെ ഓഫീസില്‍ ഇരുത്തിയെന്നും പറയുന്നു.
വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലേക്കുമാണ് അനധികൃത സമ്പാദ്യം കടത്തിയതെന്ന് ബോധ്യമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇരുവരുടെയും ബുക്കള്‍ക്കുള്ള ബിസിനസ് ശൃംഖലകളെക്കുറിച്ച് വിജിലന്‍സ് വിവരം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ബിനാമി ഇടപാടുകളും പ്രത്യേകം കൈകാര്യം ചെയ്യാന്‍ ബന്ധുവായ റിട്ട. തഹസില്‍ദാരെ തന്നെയാണ് കെ ബാബു സ്വന്തം ഓഫീസില്‍ നിയമിച്ചിരുന്നത്. ഇക്കാര്യം വിജിലന്‍സിന് ബോധ്യം വന്നിട്ടുണ്ട്.

മലയാറ്റൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ മറ്റൊരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അസി. പ്രൈവറ്റ് സെക്രട്ടറിയാക്കിയെങ്കിലും ഓഫീസ് അനുവദിച്ചത് ബാബുവിനൊപ്പമായിരുന്നു. ഭൂമിയുടെ രജിസ്ട്രേഷന്‍, തിരഞ്ഞെടുപ്പ് ഫണ്ട് സൂക്ഷിക്കല്‍, സ്വത്തുക്കളുടെ സംരക്ഷണം, ആദായനികുതി വകുപ്പിനുള്ള കണക്ക് തയ്യാറാക്കല്‍ എന്നിവയെല്ലാം തഹസില്‍ദാരുടെ ചുമതലയായിരുന്നു. ബാബുവിന്റെ ബിനാമി സ്വത്തുക്കളെക്കുറിച്ചറിയാന്‍ വിജിലന്‍സ് ഇദ്ദേഹത്തെ ചോദ്യംചെയ്യും. വിശ്വസ്തനും ഇടപാടുകള്‍ സുരക്ഷിതമായി നടത്താനും കഴിയുന്ന ഒരാളെ വേണമെന്നതു കൊണ്ടാണ് റിട്ടയേര്‍ഡ് തഹസില്‍ദാരെ തന്നെ ബാബു നിയമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

2013ലും 2015ലുമായി രണ്ടുവട്ടമേ കെ. ബാബു വിദേശയാത്ര നടത്തിയിട്ടുള്ളൂ. അങ്കമാലി പ്രവാസി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു 2013ലെ യാത്ര. വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സിംഗപ്പൂര്‍ തുറമുഖം സന്ദര്‍ശിക്കാനായിരുന്നു ഭാര്യയുമൊത്ത് 2015ലെ യാത്ര. അതേസമയം, ബാബുവിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണ് പലപ്പോഴും വിദേശയാത്രകള്‍ നടത്തിയത്. പല ഇടപാടുകളും വിദേശത്തു വച്ചു നടത്താന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് പൈ സിംഗപ്പൂരും മലേഷ്യയും സന്ദര്‍ശിച്ചിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന പേഴ്സണല്‍ സ്റ്റാഫംഗം നന്ദകുമാര്‍ നിരവധി സംശയാസ്പദമായ വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഗ്രാമവികസന മന്ത്രിയുടെ ഉറ്റബന്ധുവിനെ ബാബുവിന്റെ സ്റ്റാഫംഗമാക്കിയിരുന്നു. ചങ്ങനാശേരിക്കാരനായ ഇദ്ദേഹം അമ്പതോളം തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ബാബുവിനെ പോലെ തന്നെ മാണിക്ക് മേലും വിജിലന്‍സ് കുരുക്കിട്ടു കഴിഞ്ഞു. കെ.എം. മാണിയുടെ മക്കളുടെയും മരുമക്കളുടെയും പേരില്‍ വിദേശത്തെ ബിസിനസ് നിക്ഷേപങ്ങളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് വിജിലന്‍സിന്റെ അന്വേഷണം. ഖത്തറില്‍ 300 കോടി മൂല്യമുള്ള മെഡിക്കല്‍കോളേജും തലസ്ഥാനത്ത് വന്‍കിട റിസോര്‍ട്ടും ബന്ധുക്കള്‍ക്ക് ഉള്ളതായി വിജിലന്‍സിന് വിവരംകിട്ടി. പൂവാറിലും മൂന്നാറിലുമാണ് മാണിയുടെ ബന്ധുക്കള്‍ക്ക് റിസോര്‍ട്ടുകള്‍ ഉള്ളത്. ഈ റിസോര്‍ട്ടിന് കെ. ബാബു മന്ത്രിയായിരിക്കേ ബാര്‍ലൈസന്‍സ് അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 1970 മുതല്‍ മാണിക്ക് ബിനാമി നിക്ഷേപമുണ്ടെന്നാണ് വിജിലന്‍സിനുള്ള വിവരം.

എംഎല്‍എയായും മന്ത്രിയായുമുള്ള ശമ്പളവും ബത്തയും മാത്രമായിരുന്നു മാണിയുടെയും ബാബുവിന്റെയും ഏകവരുമാനം. ബാബുവിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ജോലിയില്ല. തൃപ്പൂണിത്തുറയിലും അങ്കമാലിയിലും ഭൂമിയും 3000 ചതുരശ്രയടിയുടെ വീടും ബാബുവിനുണ്ട്. ആസ്തികളുടെ മൂല്യനിര്‍ണയത്തിന് വിജിലന്‍സ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ സഹായംതേടി. കുമ്പളം സ്വദേശിയെ ബിനാമിയാക്കി കൊച്ചിയില്‍ ടോള്‍പിരിവിന് കരാറെടുത്തെന്ന പരാതിയെക്കുറിച്ചും അന്വേഷണമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരില്‍ വേളാങ്കണ്ണിയില്‍ 125 മുറികളുള്ള ലോഡ്ജ് സമുച്ചയം ബിനാമി നിക്ഷേപമാണെന്നും വിജിലന്‍സ് കണ്ടെത്തി.

ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് കണ്ടെത്തിയ ബാബുറാമിന്റെ ഭാര്യയുടെ വിദേശത്തുള്ള ബന്ധുവിന്റെ പേരിലുള്ള ഏഴേക്കര്‍ പാടശേഖരത്തേക്ക് തുറമുഖവകുപ്പിന്റെ ഫണ്ടുപയോഗിച്ച് റോഡ് നിര്‍മ്മിച്ചതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മാണിയെയും ബാബുവിനെയും ചോദ്യംചെയ്യാന്‍ വിശദമായ ചോദ്യാവലി വിജിലന്‍സ് തയ്യാറാക്കുന്നുണ്ട്. അതേസമയം ബാബുവും മാണിയും കഴിഞ്ഞ പത്തുവര്‍ഷം ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുടെ വിവരങ്ങളാവശ്യപ്പെട്ട് വിജിലന്‍സ്, ആദായനികുതി വകുപ്പ് കമ്മിഷണര്‍ക്ക് കത്തുനല്‍കി.

ബാബു മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന വിവിധ വകുപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഹാര്‍ബര്‍ എഞ്ചിനിയറിങ് ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കം നിര്‍മ്മിച്ച റോഡുകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്നാണ് അക്ഷേപം വന്നിരിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിച്ചത്. കെ.ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമിന്റെ സ്ഥലത്തിന് സമീപം നിര്‍മ്മിച്ച റോഡുകള്‍ അടക്കം ആക്ഷേപം ഉയരുന്നുണ്ട്. ഇങ്ങനെ സംസ്ഥാനത്ത് പലയിടത്തും റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് ഇതൊക്കെ റിയല്‍ എസ്റ്റേറ്റ്കാര്‍ക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം. ഹാര്‍ബര്‍ എഞ്ചിനിയറിങ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ച റോഡുകള്‍ പലതും വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചുവെന്നാണ് ആക്ഷേപം.

Top