തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. രണ്ട് മണിക്കൂര്‍ 54 മിനിറ്റ് ബജറ്റ് നീണ്ടു നിന്ന പ്രസംഗം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചെന്നാണ് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നത്. അത് എന്തുതന്നെ ആയാലും രണ്ട് മാസം മാത്രം കാലവധിയുള്ള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇത് മാത്രമല്ല, ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പണം എവിടെയെന്ന ചോദ്യവും സ്വാഭാവികമായും ഉറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കടക്കെണിയിലേക്കാണ് നീങ്ങുന്നതെന്ന് സൂചിപ്പിക്കുന്ന വിധത്തിലായിരുന്നു പല വിധത്തിലുള്ള വിഷയങ്ങളും. ഏറ്റവും ഒടുവില്‍ വന്‍തോതിലുള്ള പ്രഖ്യാപനങ്ങളുമായി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച ബജറ്റ് വെറുതേയാകുമോ എന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ജനകീയ ബജറ്റ് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖകള്‍ക്കു വിപരീതമാണെന്ന സംശയമാണ് ധനകാര്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പഞ്ചവത്സരപദ്ധതികള്‍ അവസാനിപ്പിച്ചെങ്കിലും പഴയ ചുവടുപിടിച്ചു തന്നെയാണു ബജറ്റ് തയാറാക്കിയതെന്നാണ് ഈ സംശയം ബലപ്പെടുത്താന്‍ കാരണം. അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍നിന്നും വിവിധ മേഖലകള്‍ക്കായി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ഫണ്ട് സംബന്ധിച്ച ആശങ്കയും ശക്തമായി. എന്നാല്‍ ഈ പ്രശ്‌നം രമ്യമായി പരിഗണിക്കപ്പെടുമെന്ന ചോദ്യമാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.
അടുത്തവര്‍ഷത്തേക്കു കേന്ദ്രവിഹിതം ഉള്‍പ്പെടെ 30,000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, ഈ പദ്ധതികള്‍ക്കൊന്നും കേന്ദ്രാനുമതി ലഭിക്കാത്തതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. പന്ത്രണ്ടാം പദ്ധതിയുടെ തുടര്‍ച്ചയായി തയാറാക്കിയതിനാലാണ്ഇപ്പോള്‍ പദ്ധതിക്ക് അനുമതി ലഭിക്കാത്തത്. ആ സാഹചര്യം മുന്നിലുള്ളപ്പോഴാണ് ആ പദ്ധതിയുടെ കൂടി അടിസ്ഥാനത്തില്‍ കേന്ദ്രവിഹിതം സങ്കല്‍പ്പിച്ച് ഇത്തരത്തിലൊരു ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഭരണഘടനാ നിര്‍വഹണത്തിനായി ഇത് അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ ഈ ബജറ്റിന് മറ്റുതരത്തില്‍ പ്രസക്തി കുറവായിരിക്കുമെന്നാണു ധനവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആസൂത്രണകമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതി ആസൂത്രണം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നു നീതി ആയോഗ് കൊണ്ടുവന്നു. നീതി ആയോഗിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ മാത്രമേ ഫണ്ട് ലഭിക്കുകയുള്ളൂ. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്നും ഉടക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും ഓരോ മേഖലയായി എടുത്ത് അതില്‍ വിവിധ സ്‌കീമുകള്‍ പ്രഖ്യാപിക്കുകയും അതിനു കേന്ദ്ര വിഹിതം ഇത്രശതമാനം എന്ന രീതിയില്‍ നീക്കിവയ്ക്കുകയുമാണ് ബജറ്റില്‍ ചെയ്തിരിക്കുന്നത്.
കേന്ദ്രം നേരത്തേതന്നെ ചുരുക്കം ചില പദ്ധതികള്‍ക്കൊഴികെ ഫണ്ട് നല്‍കുന്നത് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇവിടെ ഓരോ മേഖലയിലും പ്രത്യേക സ്‌കീമുകള്‍ക്കു മുന്‍കാലങ്ങളിലേതുപോലെ കേന്ദ്രവിഹിതം നീക്കിവച്ചിരിക്കുന്നു. കേന്ദ്രബജറ്റ് കൂടി വരാത്ത സാഹചര്യത്തില്‍ ഇവ എത്രത്തോളം അംഗീകരിക്കുമെന്നതിലാണ് സംശയം. നീതി ആയോഗിന് അനുയോജ്യമല്ലാതെ തയ്യാറാക്കി കേരളം സമര്‍പ്പിച്ച പദ്ധതി അടങ്കല്‍ പരിശോധനപോലും നടത്താതെ കേന്ദ്രം മടക്കിയ സാഹചര്യം നേരത്തെ സംസ്ഥാനത്തുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റ് കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുമെന്നാണ് വിദഗ്ധാഭിപ്രായം. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബജറ്റിനെയും ബാധിക്കുന്നത്.</p>
സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് സമര്‍പ്പിച്ചതും മന്ത്രിസഭാ യോഗം അംഗീകരിച്ചതുമായ പദ്ധതി അടങ്കലാണ് പ്ലാനിങ് ബോര്‍ഡിലെ ഉന്നതര്‍ നേരത്തെ കേന്ദ്രത്തിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നീതി ആയോഗിനനുസരിച്ചല്ല ഇതു തയ്യാറാക്കിയതെന്നതിനാലാണ് പരിശോധനയ്ക്കുപോലും നില്‍ക്കാതെ മടക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി മന്ത്രിസഭാ യോഗം അംഗീകരിച്ചത്. അപ്പോള്‍തന്നെ നീതി ആയോഗ് എന്ന പുതിയ സംവിധാനം വന്ന സാഹചര്യത്തില്‍ വാര്‍ഷിക പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ദ്ധര്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നുവെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ പഴയതുപോലെ പദ്ധതി അടങ്കലുമായി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
ആസൂത്രണ കമ്മിഷനും ആസൂത്രണ ബോര്‍ഡുമെല്ലാം നിലനിന്നിരുന്ന കാലത്തേതുപോലെ തന്നെയാണ് 201617 വര്‍ഷത്തേക്കുള്ള പദ്ധതി അടങ്കല്‍ സംസ്ഥാനം തയ്യാറാക്കിയതും സമര്‍പ്പിച്ചതും. എന്നാല്‍ നീതി ആയോഗ് നിലവില്‍ വന്നതിനു ശേഷം അതിനനുസൃതമായി പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് മടക്കിയിരിക്കുന്നത്.</p>
ആസൂത്രണ ബോര്‍ഡ് സമര്‍പ്പിച്ച വാര്‍ഷിക പദ്ധതിയില്‍ 30,534.17 കോടി രൂപയുടെ മൊത്തം അടങ്കല്‍ പദ്ധതിയും 24,000 കോടി രൂപയുടെ കരട് സംസ്ഥാന പദ്ധതിയുമാണ് മന്ത്രിസഭ അംഗീകരിച്ചിരുന്നത്. ഇതില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായമായി 6,534.17 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഓരോ പദ്ധതിയും പ്രത്യേകം പ്രത്യേകമായി സമര്‍പ്പിക്കണമെന്നതാണ് നീതി ആയോഗിന്റെ രീതി. അതാകട്ടെ അതാത് സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു ബോധ്യപ്പെടുത്തിയായിരിക്കണമെന്നുമുണ്ട്. അതൊന്നുമില്ലാതെ പഴയതുപോലെ തന്നെ പദ്ധതികളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവുമൊക്കെ നിശ്ചയിച്ച റിപ്പോര്‍ട്ടാണ് സംസ്ഥാനം സമര്‍പ്പിച്ചത്.
നീതി ആയോഗ് നിലവില്‍ വന്നതിനുശേഷം പദ്ധതി വിഹിതമെന്ന കാഴ്ചപ്പാടുതന്നെ ഇല്ലാതായി എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാനങ്ങള്‍ അവരുടെ സാങ്കേതിക വിദഗ്ദ്ധര്‍ തയാറാകുന്ന പദ്ധതികളുമായി കേന്ദ്രത്തെ സമീപിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുന്നുഎന്നതാണ് പുതിയ രീതി. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. പുതിയ ഗവണ്‍മെന്റിന്റെ നീതി ആയോഗിനെക്കുറിച്ച് കാര്യമാത്ര പ്രസക്തമായ ചര്‍ച്ചപോലും സര്‍ക്കാര്‍ തലത്തില്‍ നടന്നില്ല.അതൊന്നും ചെയ്യാതെ പഴയതുപോലെ തന്നെ മൊത്തം പദ്ധതി അടങ്കല്‍ സമര്‍പ്പിക്കുകയായിരുന്നു.
നീതി ആയോഗ് നിലവില്‍ വന്നതിനുശേഷമുള്ള നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര വിഹിതത്തില്‍ വളരെയധികം കുറവു വന്നിരുന്നു. ഇതേ സാഹചര്യം തന്നെയാണ് അടുത്ത സാമ്പത്തിക വര്‍ഷവും ഉണ്ടാകാന്‍ പോകുന്നത്. ഇത് മുന്‍കൂട്ടി കണ്ട് വേണ്ടത്ര ചര്‍ച്ചകളും വിദഗ്ധ പരിശോധനകളുമില്ലാതെ സംസ്ഥാനത്തെ പദ്ധതി തയ്യാറാക്കി അംഗീകരിക്കുക എന്ന ഏറ്റവും ദയനീയമായ പ്രകടനമാണ് ധനകാര്യ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
ഇപ്പോ്‌ഴത്തെ സാഹചര്യത്തില്‍ പഞ്ചവത്സരപദ്ധതിയില്ലാത്തതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്കു പ്രത്യേകവിഹിതവുമില്ല. പകരം ഓരോ മേഖലയ്ക്കും പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്രത്തില്‍ സമര്‍പ്പിച്ച് അംഗീകാരം നേടണം. നേരത്തേ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടന്നിരുന്ന ആസൂത്രണത്തില്‍ ഓരോ പദ്ധതിയും അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് വിഹിതം ഓരോ വര്‍ഷവും വീതിച്ചു നല്‍കുന്നത്. നീതി ആയോഗില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലപരിധിയില്ല.
അതേസമയം പദ്ധതി കേന്ദ്രം അംഗീകരിച്ചുകഴിഞ്ഞാല്‍ കൃത്യമായ നിരീക്ഷണവും വിലയിരുത്തലും നിരന്തരം നടത്തും. എപ്പോഴെങ്കിലും അതില്‍ നിന്നും അകന്നെന്ന് കണ്ടാല്‍ പദ്ധതിക്കുള്ള ധനസഹായവിതരണം അപ്പോള്‍ അവസാനിപ്പിക്കും. പഞ്ചവത്സര പദ്ധതികളില്‍ നടന്നതുപോലെ ഫണ്ട് വകമാറ്റല്‍ ഇവിടെ നടപ്പില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ബജറ്റ് തയാറാക്കുമ്പോള്‍ ഉദ്യോഗസ്ഥരേക്കാളും വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സേവനമായിരുന്നു സര്‍ക്കാര്‍ പ്രയോജനപ്പെടുത്തേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.