
ഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ലോട്ട് ഇല്ല. പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ട് പ്രതിരോധ മന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുള്‍പ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ കേരളം അവതരിപ്പിക്കാനിരുന്നത്. ഇതാണ് കേന്ദ്രം ഒഴിവാക്കിയത്. ഇതിന് കാരണം രാഷ്ട്രീയസമ്മര്‍ദമാണെന്നാണ് സൂചന.
കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതില്‍ 14 സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളാണ് തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍ 26ന് ഫ്ളോട്ടുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് ഇത്തരത്തില്‍ യാതൊരു അറിയിപ്പും കിട്ടിയില്ല എന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണര്‍ അറിയിച്ചു.