നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്ന ധനസമാഹരണ പദ്ധതിയാണ് കേരളീയരെല്ലാം ഒരുമാസത്തെ ശമ്പളം നല്‍കണമെന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. ഒരു മാസത്തെ ശമ്പളം 10 തവണകളായി കൊടുക്കാനാണ് മുക്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ജനങ്ങള്‍ തങ്ങളുടെ രക്തം വിയര്‍പ്പാക്കിയ പണം നല്‍കുമ്പോള്‍ സര്‍ക്കാര്‍ അതിനനുസരിച്ച് പെരുമാറേണ്ടതില്ലേ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. സര്‍ക്കാര്‍ നടത്തുന്ന പാഴ്‌ചെലവുകളും ധൂര്‍്ത്തും അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്യുന്ന ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്.
നവ കേരള സൃഷ്ട്ടിക്കായി മലയാളികള്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് കൊടുക്കണം എന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന വളരെ പോസിറ്റീവ് ആയെടുക്കുന്നു. അതിനു മുമ്പ് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ചില നടപടികള്‍ അടിയന്തരമായി നടപ്പാക്കി ജനങ്ങള്‍ക്ക് മാതൃകയാകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെലവ് ചുരുക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. അതിന് ഒരു പൗരന്‍ എന്ന നിലയില്‍ ചില 15 ഇന നിര്‍ദ്ദേശങ്ങള്‍ പൊതു ചര്‍ച്ചക്കായി വെക്കുന്നു
1 . സര്‍ക്കാരിന് ഒരു പ്രയോജനവുമില്ലാത്ത ഭരണ പരിഷ്‌കാര കമ്മീഷന്‍ പിരിച്ചു വിടുക. 2018 ജനുവരി വരെ 2 .03 കോടി രൂപ ചെയര്‍മാന്റെ ശമ്പളം, യാത്രാപ്പടി, വൈദ്യ സഹായം തുടങ്ങിയവക്കായി ചെലവായിട്ടുണ്ട്. കൂടാതെ പാര്‍ട്ട് ടൈം മെമ്പറുടെ ആനുകൂല്യങ്ങളും, 11 ഓളം പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളവും ആനുകൂല്യങ്ങളും വേറെ .സി പി നായര്‍ ഒരാനുകൂല്യവും പറ്റിയിട്ടില്ല എന്നതും ഇത്തരുണത്തില്‍ ഓര്‍മ്മിക്കുന്നു.
2 . മാധ്യമ-സാമ്പത്തിക ഉപദേഷ്ട്ടാക്കളെ മാത്രം നിലനിറുത്തി മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം കുറക്കുക..ഡിജിപി ഉള്ളപ്പോള്‍ എന്തിനാണ് പൊലീസിനൊരു ഉപദേഷ്ട്ടാവ് ?
3 . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി/പ്രൈവറ്റ് സെക്രട്ടറി എന്നിവരില്‍ ഒരാളെ മാത്രം നിലനിറുത്തുക
4 . പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഗവ. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് വെക്കുക
5 .മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറക്കുക
6 .എം എല്‍ എ മാര്‍ക്ക് ഈയിടെ നടപ്പാക്കിയ ശമ്പള വര്‍ദ്ധനവ് 3 വര്‍ഷത്തേക്ക് മരവിപ്പിക്കുക
7 . എം എല്‍ എ മാരുടെ ഭാര്യമാര്‍ക്കും അസ്സിസ്റ്റന്റിനും അനുവദിച്ചിട്ടുള്ള യാത്ര സൗജന്യം റദ്ദ് ചെയ്യുക
8 . സര്‍ക്കാര്‍ ബോര്‍ഡ്/കോര്‍പ്പറെഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള രാഷ്ട്രീയ നിയമനങ്ങള്‍ ഒഴിവാക്കി ഉദ്യോഗസ്ഥരെ സി എം ഡി ആക്കുക. ഉദാ: കെ്എസ്ആര്‍ടിസി പോലെ
9 . മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയി പ്രവര്‍ത്തിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും വേണ്ടെന്ന് വെക്കുക.
10 . ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാന്‍ മാര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനം തിരിച്ചു വിളിക്കുക
11. ജില്ലാ പഞ്ചായത്ത്/കോര്‍പറേഷന്‍ വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനം റദ്ദ് ചെയ്യുക, പകരം യാത്രാപ്പടി മാത്രം അനുവദിക്കുക
12 . മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ ചെലവിലുള്ള അതിഥി സല്‍ക്കാരം വേണ്ടെന്ന് വെക്കുക. 51 ലക്ഷം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്ഷം ഇതിനായി ചെലവഴിച്ചത്
13. നിയമസഭാ സാമാജികര്‍ക്ക് അനുവദിച്ചിട്ടുള്ള ഭവന വായ്പക്കുള്ള പലിശ നിരക്ക് നിലവിലുള്ള 4 % എന്നത് 7 % ആക്കുകയും വാഹനവായ്പ്പക്ക് പലിശ ഏര്‍പ്പെടുത്തുകയും ചെയ്യുക
14. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അധികമുള്ള ജീവനക്കാരെ ആവശ്യമുള്ള മറ്റു വകുപ്പുകളില്‍ പുനര്‍ വിന്യസിക്കുക.
15. മുന്‍ എം എല്‍ എ മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റാന്‍ പ്രായ പരിധി 60 ആയി നിശ്ചയിക്കുകയും, കൈപ്പറ്റാന്‍ മിനിമം 5 വര്‍ഷം സാമാജികന്‍ ആകുക എന്ന നിബന്ധന വെക്കുകയും ചെയ്യുക.