ന്യൂഡല്‍ഹി:ഡല്‍ഹി കേരള ഹൗസില്‍ പശു ഇറച്ചി വിവാദത്തില്‍ റെയ്ഡ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്.അതിനിടെ പശുവിറച്ചി വിളമ്പുന്നുവെന്ന് പരാതി നല്‍കിയ ആള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. പരാതിക്കാരന്‍ വിഷ്ണു ഗുപ്തക്കെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുക്കുക. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തുകയെന്ന് റിപ്പോര്‍ട്ട്.
അതേസമയം, കേരളഹൗസിലെ റെയ്ഡിനെ ന്യായീകരിച്ച് ഡല്‍ഹി പൊലീസ് രംഗത്തെത്തി. കേരള ഹൗസില്‍ പൊലീസ് റെയ്‍ഡ് നടത്തിയിട്ടില്ലെന്ന് കമ്മീഷണര്‍ ബി.എസ് ബസ്സി പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാനാണ് പൊലീസ് ഇടപെട്ടത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന സന്ദേശമാണ് പൊലീസിന് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
തിങ്കളാഴ്ചയാണ് ബീഫ് എന്ന പേരില്‍ ഗോമാംസം വിളമ്പുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു മലയാളിയും രണ്ടു കര്‍ണാടക സ്വദേശികളും അടങ്ങിയ യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. വിലവിവര പട്ടികയില്‍ ബീഫ് എന്നതുമാത്രം മലയാളത്തിലാണ് എഴുതിയിട്ടുള്ളത്. ഇക്കാര്യം ചോദ്യംചെയ്ത യുവാക്കള്‍ ഇതിന്‍റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു.