ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിലെ ബീഫ് വിവാദം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉമ്മന്‍ ചാണ്ടി നടത്തിയ തന്ത്രമെന്ന് ആരോപണം . കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ബീഫ് വിഷയം സജ്ജിവമായി നിലനിര്‍ത്താനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണിതെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും ഇത് ആസൂത്രിതമായി നടത്തിയ നീക്കമാണെന്നും വ്യക്തമാകുന്നതായി ജനം ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.കേരള ഹൗസിലെ അനക്‌സില്‍ പതിച്ചിരുന്ന വിഭവങ്ങളുടെ പട്ടികയില്‍ മലയാളത്തിലായിരുന്നു ബീഫ് എന്ന് എഴുതി വെച്ചിരുന്നത്. മറ്റെല്ലാ വിഭവങ്ങളുടെയും പേരുകള്‍ ഇംഗ്ലിഷില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ ഒരു സംഘം അന്യസംസ്ഥാനക്കാര്‍ മലയാളത്തില്‍ രേഖപ്പെടുത്തിയ വിഭവം എന്താണെന്ന് അന്വേഷിച്ചു. പശുവിറച്ചിയാണെന്ന മറുപടിയെ തുടര്‍ന്ന് ഇയാള്‍ ഈ പട്ടിക മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു.
എന്നാല്‍ ഇത് തടഞ്ഞ ജീവനക്കാര്‍ ഭക്ഷണം കഴിക്കാനെത്തിയവരെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഡല്‍ഹി പോലിസിന്റെ സഹായം തേടുകയായിരുന്നു. കേരള ഹൗസില്‍ എത്തിയ പോലിസ് മര്‍ദ്ദനമേറ്റയാളെ വാഹനത്തിലേക്ക് മാറ്റി റിസപ്ഷനില്‍ എത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ബീഫ് തേടി കേരള ഹൗസിന്റെ കാന്റീനിലും അടുക്കളയിലും പൊലീസ് പരിശോധന നടത്തിയെന്ന തരത്തില്‍ ഇത് വളച്ചൊടിക്കുകയായിരുന്നു. റിസപ്ഷനില്‍ എത്തിയ പൊലിസ് ഭക്ഷണ ശാലയിലേക്ക് പ്രവേശിക്കാനോ വിഭവങ്ങള്‍ പരിശോധി്ക്കാനോ ശ്രമിച്ചില്ല എന്നതാണ് വസ്തുത.
കേരള ഹൗസില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസിയും നിഷേധിച്ചു. ബീഫ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ കിട്ടിയിരുന്നെന്നും ഇത് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണെന്ന് സുരക്ഷാ ജീവനക്കാരോട് നിര്‍ദ്ദേശിച്ച് പൊലീസ് മടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. നടപടികള്‍ മറികടന്ന് ഡല്‍ഹി പൊലീസ് യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും ബസി പറഞ്ഞു.
സംഭവം അന്വേഷിക്കുകയെന്ന് പൊലീസിന്റെ ഉത്തരവാദിത്വത്തിനുളളില്‍ നിന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്. അല്ലാതെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്താതിരിക്കാന്‍ തരമില്ലെന്നും ബസി വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ അടുത്ത അനുയായി ആര്‍ഡിയുടെ താല്‍പര്യപ്രകാരമാണ് കേരള ഹൗസില്‍ കാന്റീന്‍ ആരംഭിച്ചത്. ഇവിടുത്തെ ജീവനക്കാരും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്ന കേരള ഹൗസ് ജീവനക്കാരെ അടുത്തിടെ സ്ഥിരപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ക്ക് ഇതുവരെ വ്യക്തമായ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിട്ടില്ല. എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന ഭൂരിപക്ഷ സമുദായങ്ങളുടെ നിലപാടും ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ബീഫ് വിവാദം വീണ്ടും സജീവമാക്കാന്‍ ലക്ഷ്യമിട്ട് പൊലീസിന്റെ തെളിവെടുപ്പ് പരിശോധനയായി ചിത്രീകരിച്ച് വിവാദമാക്കുകയായിരുന്നു.