കേരളഹൗസിലെ റെയ്‌ഡ്:ഖേദം പ്രകടിപ്പിക്കാമെന്ന് രാജ്‌നാഥ് സിംഗ്.തെറ്റ് സമ്മതിച്ച് രാജ്‌നാഥ് സിംഗും ഡല്‍ഹി പോലീസും

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ പോലീസിന് തെറ്റുപറ്റിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ഡല്‍ഹി പോലീസും. കേരള ഹൗസില്‍ റെയ്ഡ് നടത്തിയതില്‍ തെറ്റുപറ്റിയതായും ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കും. ഡല്‍ഹി പോലീസിന്‍ോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു. പരാതിക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും രാജ്‌നാഥ് സിംഗ് അറിയിച്ചു.
 കേരള ഹൌസില്‍ പരിശോധന നടത്തിയതിന് ഉമ്മന്‍ ചാണ്ടിയോട് ഖേദപ്രകടനം നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ ടുഡേയ്‌ക്ക് നല്കിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാറില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുദിവസം മുമ്പ് കേരള ഹൌസില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്‌ഡ് നടത്തിയത് വിവാദമായിരുന്നു. റെയ്‌ഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.
ഹിന്ദുസേന നേതാവ് വിഷ്‌ണു ഗുപ്‌തയ്ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ താന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സിക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം പരാതികള്‍ വരാതിരിക്കാന്‍ ശ്രദ്ധ വേണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷ്‌ണു ഗുപ്‌തയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇരുപതോളം ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച വൈകുന്നേരം കേരള ഹൌസിന്റെ കാന്റീനില്‍ റെയ്‌ഡ് നടത്തിയത്. പശുവിറച്ചി വില്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു കേരള ഹൌസ് കാന്റീനില്‍ റെയ്ഡ് നടന്നത്.
Top