തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ട് പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തരുടെ സാമ്പിളുകളുമാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോൺ ജനിതക പരിശോധന നടത്തുന്നത്.
ഇതിനിടെ, മഹാരാഷ്ട്രയിൽ 2 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കേസുകൾ 23 ആയി. ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്നു മുംബൈയിലെത്തിയവർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 10 ഒമിക്രോൺ കേസുകളായി. രാജസ്ഥാൻ (9), കർണാടക (2), ഗുജറാത്ത് (1), ഡൽഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ളവർ.
അതേസമയം, ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ട്. രണ്ടാം തരംഗവുമായുള്ള താരതമ്യത്തിൽ വൈറസ് വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു.