ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ ശബരിമല സമരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നു. എന്നാല്‍ താന്‍ വിട്ടു വില്‍ക്കുകയോ പേടിച്ച് പോകുകയോ ചെയ്തിട്ടില്ലെന്നും സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ പോലീസ് തടയുമെന്ന് തന്നെ ഔദ്യോഗികമായി പോലീസ് അറിയിച്ചതിനാലാണ് മാറി നില്‍ക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
ശബരിമലയിലെത്തുന്ന യുവതികളെ പോലീസ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപണം നേരത്തേ ഉയർന്നിരുന്നു. പോകാൻ തയ്യാറായ പെൺകുട്ടികളുടെ വീട്ടിലേയ്ക്ക് പോലീസെത്തി മാതാപിതാക്കളം വിവരം ധരിപ്പിക്കുന്നതടക്കം വിവാദ പ്രവർത്തികൾ പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായി. സ്ത്രീകൾ ശബരിമലയിൽ എത്തരുതെന്ന തീരുമാനം പോലീസിനും ഉണ്ടെന്ന വിമർശനത്തെ ശരിവയ്ക്കുന്നതാണ് രാഹുലിൻ്റെ വെളിപ്പെടുത്തൽ.
ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി കൊടുക്കുന്ന സാഹചര്യത്തില്‍ പൊലീസ് തന്നെ തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുന്നതുവരെ യുവതികളെ കയറ്റില്ലെന്ന് അനൗദ്യോഗികമായി പറഞ്ഞുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇക്കാരണത്താലാണ് താന്‍ യുവതികളെ തടയാന്‍ ശബരിമലയില്‍ എത്താത്തത് എന്നും രാഹുല്‍ പറയുന്നു. പൊലീസിനെ ഭയന്നാണ് എത്താത്തത് എന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും അദ്ദേഹം പറയുന്നു.
വളരെ ക്രിട്ടിക്കലായ പോയന്റാണ്, യുവതികളെത്തിയാല്‍ ബഹളം വെക്കേണ്ട കാര്യമില്ല. സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കുകയാണെന്ന ന്യായം പറഞ്ഞുനില്‍ക്കാം. പക്ഷെ സുപ്രീംകോടതി തള്ളിയാല്‍ വീണ്ടും സമരം ചെയ്യേണ്ടിവരും എന്നും രാഹുല്‍ പറയുന്നു.ശബരിമലയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വിവാദ ചൂടിന് മുന്‍പന്തിയില്‍ നിന്നയാളായിരുന്നു രാഹുല്‍ ഈശ്വര്‍. സന്നിധാനത്ത് പ്രതിഷേധം ശക്തമായതിന് പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് ശശികല അടക്കമുള്ളവര്‍ അറസ്റ്റിലായതിന് പിന്നാലെ സന്നിധാനത്തെത്തിയ രാഹുല്‍ ഈശ്വറിന് ഒടുവില്‍ മടങ്ങേണ്ടി വന്നു.
സന്നിധാനത്തെത്തി ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ച് ഇവിടേയ്‌ക്കെത്തിയ രാഹുലിന് നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങേണ്ടി വന്നു. ഇന്ന് രാവിലെയാണ് രാഹുല്‍ ഈശ്വര്‍ ദര്‍ശനം നടത്താനെത്തിയത്. എന്നാല്‍ മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയോതടെ ഇദ്ദേഹം തിരികെ പോവുയായിരുന്നു. നേരത്തെ ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിക്രൂരമായ തരത്തിലായിരുന്നു ജയിലിലേക്ക് മാറ്റിയത്. ഇത് ഏറെ ആരോഗ്യ പ്രശ്നങ്ങളും രാഹുലിന് ഉണ്ടാക്കി.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുല്‍ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുലാമാസ പൂജയ്ക്കായി നട തുറന്ന സമയം തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു പിന്നീട് ജാമ്യം നല്‍കിയെങ്കിലും ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ചിലര്‍ രക്തം വീഴ്ത്തിയും അശുദ്ധി ഉണ്ടാക്കാന്‍ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലാകുകയായിരുന്നു. മണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയില്‍ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ എത്തിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലയ്ക്കലില്‍ പൊലീസ് പറയുന്നത് അനുസരിക്കുന്ന വ്യക്തിയായാണ് രാഹുല്‍ മാറിയത്. പ്രശ്നങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മടങ്ങി.
ഇനിയൊരു അറസ്റ്റിനും ജയില്‍ വാസത്തിനും താനില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി തന്നെ രാഹുല്‍ ഇടപെടും. വെറുതെ അറസ്റ്റിലായി സമയം പാഴാക്കാന്‍ രാഹുല്‍ തയ്യാറല്ല. ഇതിനൊപ്പം മറ്റ് ചില വിവാദങ്ങളും രാഹുലിനെ തേടി എത്തിയിരുന്നു. മീ ടു പോലും ഉയര്‍ന്നു. ഇതിനെയെല്ലാം കുടുംബങ്ങളെ ഒപ്പം നിര്‍ത്തി രാഹുല്‍ പ്രതികരിച്ചു. ഇതിനിടെ രാഹുലിന്റെ അമ്മാവന്‍ അടക്കമുള്ള തന്ത്രി കുടുംബാഗങ്ങളും രാഹുലിനെ തള്ളി പറഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് രാഹുലിന്റെ പിന്മാറ്റം.