തിങ്കളാഴ്ച പുലർച്ചെ കിരണും വിസ്മയയും തമ്മിൽ വഴക്ക് ഉണ്ടായി; അവൾക്ക് ഫോൺ നൽകാൻ കിരൺ തയ്യാറായില്ല :വെളിപ്പെടുത്തലുമായി കിരണിന്റെ മാതാപിതാക്കൾ

സ്വന്തം ലേഖകൻ

കൊല്ലം: യുവതിയെ ഭർതൃവീട്ടിലെ ടോയ്‌ലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടൂതൽ വെളിപ്പെടുത്തലുമായി വിസ്മയയുടെ ഭർത്താവ് കിരണിന്റെ മാതാപിതാക്കൾ.

വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ തിങ്കളാഴ്ച പുലർച്ചെ കിരണും വിസ്മയയും തമ്മിൽ വഴക്കുണ്ടായെന്ന് മാതാപിതാക്കൾ സമ്മതിച്ചു.വഴക്കിന് പിന്നാലെ വിസ്മയയ്ക്ക് ഫോൺ നൽകാൻ മകൻ തയ്യാറായില്ലെന്നും കിരണിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.

എന്നാൽ പിന്നീട് കണ്ടത് വിസ്മയയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്ന കിരണിനെയാണെന്നും മാതാപിതാക്കൾ പറയുന്നു. ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ വിസ്മയ ബോധരഹിതയായിരുന്നു.3.45 ഓടെ ആശുപത്രിയിലെത്തിച്ചു. അവിടെയെത്തി അഞ്ച് മിനിറ്റ് കഴിഞ്ഞാണ് മരണവിവരം അറിഞ്ഞതെന്നും മാതാപിതാക്കൾ പറഞ്ഞു.

സംഭവത്തിൽ കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവർക്കും മരണത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്ന ആരോപണവുമായി വിസ്മയയുടെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.

കേസ് ദക്ഷിണ മേഖല ഐ.ജി ഹർഷിത അത്തല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികൾക്കെതിരെ മുൻവിധി ഇല്ലാതെ കർശന നിയമനടപടി സ്വീകരിക്കുമെന്നും, പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Top