സ്‌കൂളുകളില്‍ പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) അറിയിച്ചു. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കാതറിന്റെ പരാതിയില്‍ വ്യക്തമാക്കി.
ഇതിനെതുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.


