മലയാളി യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ സുഖ പ്രസവം.കുഞ്ഞിന് ആജീവനാന്തം ഫ്രീയായി പറക്കാം

ന്യൂഡല്‍ഹി:മലയാളി യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ സുഖ പ്രസവം.വിമാനത്തില്‍ ജനിച്ച മലയാളി ദമ്പതികളുടെ കുഞ്ഞിന് ഇനി ആജീവനാന്തം ഫ്രീയായി പറക്കാം. സൗദിയിലെ ദമാമില്‍ നിന്നുള്ള യാത്രയ്ക്കിടെയാണ് ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ മലയാളി യുവതി ജന്മം നല്‍കിയത്. തങ്ങളുടെ വിമാനത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണ് എന്നും അതിനാല്‍ കുഞ്ഞിന് ആജീവനാന്തം ഫ്രീയായി പറക്കാമെന്നും വിമാന കമ്പനി അറിയിച്ചു. ഈ സന്തോഷം പങ്കിടാന്‍ കുഞ്ഞിന് ലോകത്തെവിടേക്കും ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ആജീവനാന്ത സൗജന്യ യാത്ര അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജെറ്റ് എയര്‍വേസിന്റെ 9 ഡബ്ളിയു 569 വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കിടെ യുവതിക്ക് പ്രസവവേദന കലശലായി. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തുടര്‍ന്ന് ഫസ്റ്റ് ക്ളാസിലേക്ക് മാറ്റി. വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോയെന്ന് കാബിന്‍ ക്രൂ അന്വേഷിച്ചു. എന്നാല്‍, നിരാശയായിരുന്നു ഫലം. പക്ഷേ, യാത്രക്കാരിയായി മലയാളിയായ മിനി വില്‍സന്‍ എന്ന നഴ്സ് ഉണ്ടായിരുന്നു.
തുടര്‍ന്ന് മിനി വില്‍സനും വിമാന ജീവനക്കാരും ചേര്‍ന്ന് യുവതിയെ പരിചരിക്കുകയും യുവതി കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. പാകിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു ജീവനക്കാര്‍ പറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം മുംബയ് വിമാനത്താവളത്തില്‍ വിമാനം ഇറക്കി. വിമാനം ഇറക്കിയ ഉടന്‍ തന്നെ ആംബുലന്‍സില്‍ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കൊപ്പം മറ്റാരുമില്ലായിരുന്നതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.മുംബയിലിറങ്ങിയ വിമാനം 90 മിനിറ്റ് വൈകി ഉച്ചയ്ക്ക് 12.45ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേകാലോടെ കൊച്ചിയിലേക്ക് തിരിച്ചു. വിമാനത്തല്‍ ജനിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് വലിയ വിമാനക്കമ്പനികള്‍ ആജീവനാന്ത സൗജന്യ യാത്ര അനുവദിക്കാറുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top