പോലീസ് ക്രൂരന്‍ എസ്‌ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു; പ്രതിഷേധവുമായി കെവിന്റെ കുടുംബം; അറിഞ്ഞില്ലെന്ന് ഡിജിപി

കോട്ടയം: കെവിന്‍ വധക്കേസില്‍ ആരോപണവിധേയനായി സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതില്‍ പ്രതിഷേധിച്ച് കെവിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയേയും ഡിജിപിയേയും കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയെ കാണുന്നത്.

കെവിന്‍ കൊല്ലപ്പെടാന്‍ പ്രധാന കാരണം എസ്‌ഐയുടെ അനാസ്ഥയാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്നു കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.
കെവിന്‍ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നു പിരിച്ചുവിടാന്‍ തീരുമാനിച്ച ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബുവിനെ കഴിഞ്ഞ ദിവസമാണ് തിരിച്ചെടുത്തത്. ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയാണ് പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണത്തിലുള്‍പ്പെടെ ഗാന്ധിനഗര്‍ പൊലീസ് വരുത്തിയ ഗുരുതരവീഴ്ചകള്‍ പുറത്തുവന്നിരുന്നു. ഇതോടെ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം.എസ്. ഷിബുവിനെ പിരിച്ചുവിടാനുള്ള തീരുമാനം.പിരിച്ചുവിടുന്നതിനു മുന്നോടിയായി ഷിബുവിന് നോട്ടിസ് നല്‍കി. ഈ നോട്ടിസിനു നല്‍കിയ മറുപടി പരിഗണിച്ചാണ് തീരുമാനം പിന്‍വലിച്ചത്.

ഐജിയുടെ നടപടിക്കെതിരെ കെവിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. കെവിന്റെ മരണത്തിന് ഇടയാക്കിയത് എസ്‌ഐയുടെ അനാസ്ഥയാണെന്നു പിതാവ് ജോസഫ് ആരോപിച്ചു. എസ്‌ഐ ഷിബു വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തിലും വ്യക്തമായിരുന്നു. പുലര്‍ച്ചെ വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയ്യാറായില്ല. നീനുവും കെവിന്റെ പിതാവും സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും അവഗണിച്ചു. അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം വൈകിപ്പിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷചുമതലയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു നീതിനിഷേധം. കൊല്ലപ്പെടുന്നതിനു തലേനാള്‍ കെവിനോടൊപ്പം സ്റ്റേഷനിലെത്തിയപ്പോള്‍ എസ്‌ഐ ക്രൂരമായാണു പെരുമാറിയതെന്നു നീനുവും മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി വിചാരണക്കിടെയിലും നീനു ആവര്‍ത്തിച്ചു. അന്വേഷണം വൈകിപ്പിച്ച് പ്രതികള്‍ക്കു രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത് ഷിബുവാണെന്നും ഒരുഘട്ടത്തില്‍ ആരോപണം ഉയര്‍ന്നു.

കോട്ടയം ജില്ലയില്‍ തന്നെ ഷിബുവിനെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐജിയുടെ ഉത്തരവിലുണ്ട്. അതേസമയം ഷിബുവിനെ കോട്ടയം ജില്ലയില്‍ നിയമിക്കുന്നത് പ്രതിഷേധത്തിന് വഴിവെക്കുമെന്നും മറ്റു ജില്ലകളില്‍ നിയമിക്കുന്നതാകും ഉചിതമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ ഐജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഷിബുവിനെ സേനയില്‍ തിരിച്ചെടുത്തത് അറിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

Top