കെവിന്‍ വധക്കേസില്‍ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതിഭാഗം വക്കീല്‍ കോടതിയില്‍ പറഞ്ഞു.
നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാന്‍ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പക്ഷേ കോടതി ഈ വാദം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിഭാഗം വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കണമെന്ന് കോടതിയില്‍ വാദിച്ചത്.
എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം.