കണ്ണൂർ : കണ്ണൂരിൽ കെ കെ ശൈലജ, കാസർഗോഡ് ടിവി രാജേഷ് , എം സ്വരാജ് പാലക്കാട് !ലോക്സഭയിലേക്ക് മത്സരിക്കുന്ന സിപിഐഎംസ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക പുറത്ത് .ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു .15 സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
ലോക്‌സഭാ തെരെഞ്ഞെടുപ്പ് സിപിഐഎം സാധ്യത പട്ടികയിൽ ഇടം നേടിയവരുടെ പ്രാഥമിക പട്ടിക സൂചന ലഭിച്ചു. കെ കെ ശൈലജയെ കണ്ണൂരിലും എം സ്വരാജിനെ പാലക്കാടും പരിഗണിക്കുന്നു. കോഴിക്കോട് എളമരം കരീമും വസീഫും പട്ടികയിൽ.
ആലപ്പുഴയിൽ സിറ്റിംഗ് എം പിയായ എ എം ആരിഫിന് മുൻഗണന. പത്തനംതിട്ടയിൽ ഡോ ടി എം തോമസ് ഐസക്കും രാജു എബ്രഹാമും പരിഗണനയിൽ. എറണാകുളത്ത് പൊതുസ്വതന്ത്രൻ വന്നേക്കും. ഇടുക്കിയിൽ ജോയ്‌സ് ജോർജിന് സാധ്യത.
ആലത്തൂരിൽ എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ എന്നിവരുടെ പേര് പരിഗണനയിൽ. കാസർഗോഡ് ടിവി രാജേഷ്, വി പി പി മുസ്‌തഫ എന്നിവർക്ക് സാധ്യത. ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രന് സാധ്യത.
നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിൽ 16 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഐഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജില്ലാ കമ്മിറ്റികള്‍ ചേരാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും അടിയന്തരമായി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും .
പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിപ്പട്ടികയുടെ കാര്യത്തില്‍ വേണ്ട ധാരണയുണ്ടാക്കിയ ശേഷമാണ് സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. ആലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ പേരാണ് യോഗത്തില്‍ സജീവമായി ഉയര്‍ന്നുവന്നത്. ഇവിടെ പി കെ ജമീലയുടെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് കെ രാധാകൃഷ്ണന്‍ നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. എ വിജയരാഘവന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായേക്കും. സ്വരാജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പുനരാലോചനയുണ്ട്. ആറ്റിങ്ങലില്‍ വി ജോയ് എംഎല്‍എയുടെ പേര് മാത്രമാണ് പരിഗണിച്ചത്. പത്തനംതിട്ടയില്‍ തോമസ് ഐസക് മത്സരിച്ചേക്കും. ആലപ്പുഴയില്‍ സിറ്റിങ് എംപി എ എം ആരിഫും മത്സരിച്ചേക്കും.
സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്നേക്കും. ജില്ലാ കമ്മിറ്റികളും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും ചേര്‍ന്ന് ഇതില്‍നിന്ന് ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചും മറ്റ് നിര്‍ദേശങ്ങളും അനസരിച്ച് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാകും അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുക. ഈ മാസം 21ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ചേരും.