തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നരഹത്യക്കുറ്റം ചുമത്താന്‍ തെളിവില്ലെന് അപ്പീലില്‍ പറയുന്നു. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി അംഗീകരിച്ചുകൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ഇത്തരത്തില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഉത്തരവ് ഉണ്ടായത്. ഈ വിധിക്കെതിരെയാണ് ഇപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കെതിരെ നരഹത്യക്കുറ്റം നിലനില്‍ക്കില്ല എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നത്. നരഹത്യാക്കുറ്റം ചുമത്താനുള്ള തെളിവുകളില്ല. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നത്. മാത്രമല്ല ഇതൊരു സാധാരണ മോട്ടോര്‍ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാം വാദിക്കുന്നത്. കൂടാതെ തനിക്കെതിരെയുള്ള കേസിന് പിന്നില്‍ വലിയ രീതിയിലുള്ള മാധ്യമസമ്മര്‍ദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താം എന്നുള്ള ഹൈക്കോടതിയുടെ വിധി എന്നുള്ള കാര്യമാണ് സുപ്രീം കോടതിയെ അപ്പീലില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 3നാണ് കെ എം ബഷീര്‍ ശ്രീറാം ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെടുന്നത്.