
കോഴിക്കോട്:കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ വിവാദ കേസിൽ ഒന്നാംപ്രതിയായതിനെ തുടർന്ന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമാകുന്നു . ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിലെടുക്കുന്നതിനെതിരെ കെ.എം. ബഷീറിന്‍റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി സഹോദരന്‍ കെ. അബ്ദുറഹ്മാൻ പറഞ്ഞു. മറവിരോഗമുണ്ടന്നു സ്വയം സമ്മതിച്ച ശ്രീറാം വെങ്കിട്ടരാമനെ എങ്ങനെയാണ് ആരോഗ്യ വകുപ്പിൽ പ്രധാനപ്പെട്ട ചുമതലയിൽ നിയമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേസ് അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പില്‍ തന്നെ നിയമനം വാങ്ങിയത്. പിന്നിൽ ഐഎഎസ് ലോബിയുടെ സമ്മർദ്ദമുണ്ടാകാമെന്നും കെ.എം. ബഷീറിന്‍റെ സഹോദരന്‍ ആരോപിച്ചു.
കൊറോണ പ്രതിരോധ ചുമതലയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് ഡോക്‌ടർ കൂടിയായ ശ്രീറാമിന് നിയമിച്ചിരിക്കുന്നത് . മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങിയെങ്കിലും അദ്ദേഹം ചുമതലയേറ്റിട്ടില്ല. സസ്‌പെൻഷൻ ഇനിയും നീട്ടാനാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടതെല്ലാം ചെയ്തുവെന്നാണ് സർക്കാർ പറയുന്നത്. ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ അന്തിമവിധി കോടതി പറയട്ടെയെന്നാണ് സർക്കാരിന്റെ നിലപാട്. പബ്ലിക് ഹെൽത്തിൽ ഉപരിപഠനം നടത്തിയ ശ്രീറാമിന്റെ സേവനം ആരോഗ്യമേഖലയിൽ ഉപയോഗിക്കാനാവും. തിരിച്ചെടുക്കാനുള്ള തീരുമാനം പത്രപ്രവർത്തക യൂണിയൻ ജില്ലാനേതൃത്വത്തെ അറിയിച്ചതായും സർക്കാർ വൃത്തങ്ങൾ പറയുന്നു.