തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെഎം മാണിക്ക് ബാര്‍ കോഴ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കാന്‍ തന്നെയാണ് വിജിലന്‍സിന്റെ തീരുമാനം. കേസില്‍ പഴയ നിലപാടു തന്നെയാണ് വിജിലന്‍സിനുള്ളത്. മാണിക്കെതിരെ തുടരന്വേഷണത്തിന് സാഹചര്യമില്ലെന്നാണ് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.
മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മുന്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ ബാര്‍ കോഴക്കേസ് ഇനി പരിഗണിക്കുകയുള്ളൂ എന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വ്യക്തമാക്കി. കേസ് നേരത്തെ പരിഗണിച്ചിരുന്ന ജോണ്‍ കെ ഇല്ലിക്കാടന്‍ സ്ഥലം മാറിയതിനാല്‍ പുതിയ ജഡ്ജി എ ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്.
കെഎം മാണി രണ്ട് തവണയായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആദ്യ കണ്ടെത്തല്‍ പൂര്‍ണ്ണമായും തള്ളിയാണ് എസ്പി ആര്‍ സുകേശന്‍ കോടതിയിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാണിക്ക് പണം നല്‍കിയതിന് തെളിവില്ലെന്നും ബാറുകള്‍ പൂട്ടിയത് മൂലം കോടികളുടെ നഷ്ടമുണ്ടായ ബിജുരമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് കോഴ ആരോപണം ഉന്നയിച്ചതെന്നുമായിരിന്നു സുകേശന്റെ കണ്ടെത്തല്‍. മാത്രമല്ല ഏകദൃക്സാക്ഷി അമ്പിളിയുടെ മൊഴി വിശ്വസനീയമല്ലെന്നും ബാറുടമകള്‍ പിരിച്ച പണത്തിന്റെ കണക്ക് കൃതൃമായി രേഖപ്പെടുത്തിയിരുന്നുവെന്നും തടരന്വേഷണ റിപ്പോര്‍ട്ടില്‍ സുകേശന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വിഎസ് അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചത്.