കൊച്ചി: കേരളത്തിന്റെ ഐടി സ്വപ്‌നപദ്ധതിയായ കൊച്ചി സ്മാര്‍ട്‌സിറ്റിയിലെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് സിഇഒ മനോജ് നായര്‍ പറഞ്ഞു. ടൈ കേരള സംഘടിപ്പിച്ച പരിപാടിയില്‍ ‘സ്മാര്‍ട്‌സിറ്റി കൊച്ചി- ഇവല്യൂഷന്‍ ഓഫ് ടൗണ്‍ഷിപ്പ് ടു നര്‍ച്ചര്‍ ഓണ്ട്രപ്രിണറിയല്‍ ഇക്കോസിസ്റ്റം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2000 കോടി രൂപയാണ് കോ-ഡെവലപ്പര്‍മാരുമായി ചേര്‍ന്ന് നടപ്പാക്കുന്ന രണ്ടാം ഘട്ടത്തിലെ മൊത്തം നിക്ഷേപമെന്നും അദ്ദേഹം പറഞ്ഞു.
കോ-ഡെവലപ്പര്‍മാരുടെ പദ്ധതികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് സ്മാര്‍ട്‌സിറ്റി പ്രധാനമായും ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഊര്‍ജ സ്വയംപര്യാപ്തതയ്ക്കായി പദ്ധതി പ്രദേശത്ത് രണ്ട് സബ് സ്റ്റേഷനുകള്‍ ഈ വര്‍ഷം സെപ്തംബറോടെ കമ്മീഷന്‍ ചെയ്യും. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ മറ്റ് ഊര്‍ജസ്രോതസ്സുകള്‍ പ്രോത്സാപ്പിക്കുന്നതിലും സ്മാര്‍ട്‌സിറ്റി പ്രതിബദ്ധമാണെന്നും സിഇഒ പറഞ്ഞു. പദ്ധതിപ്രദേശത്തെ ജല ആവശ്യത്തിനായി 3 എംഎല്‍ഡി ജലസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഐടി ടവറിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 300 കോടി രൂപയുടെ നിക്ഷപം നടത്തിയിട്ടുണ്ട്. നിലവില്‍ 32 ഏക്കറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ടൗണ്‍ഷിപ്പ് ഭാഗത്ത് മറ്റൊരു 32 ഏക്കര്‍ ഏറ്റെടുക്കുന്നതിനായി തയ്യാറാക്കിയിട്ടിരിക്കുകയാണെന്നും സ്മാര്‍ട്‌സിറ്റി സിഇഒ പറഞ്ഞു. പദ്ധതി പ്രദേശത്തേക്കുള്ള സമ്പൂര്‍ണ ഗതാഗത പരിഹാരത്തിനായി കെഎംആര്‍എല്ലുമായി ചര്‍ച്ച നടത്തിവരികയാണ്. ഗതാഗതത്തിനാണ് പരമപ്രാധാന്യം നല്‍കുന്നതെന്നും സംയോജിത ഗതാഗത സംവിധാനമാണ് മാസ്റ്റര്‍പ്ലാനിന്റെ സവിശേഷ ഘടകമെന്നും മനോജ് നായര്‍ പറഞ്ഞു. റെയില്‍, റോഡ്, ജലഗതാഗതം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമായി 2 ഏക്കറില്‍ മൊബിലിറ്റി ഹബ്ബ് വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


