തിരുവനന്തപുരം:കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാന്‍ പ്രത്യേക പാക്കേജുകള്‍ നടപ്പാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു .കോവിഡ്-19 മൂലം ദുരിതത്തില്‍ കഴിയുന്ന കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാന്‍ പ്രത്യേക പാക്കേജുകള്‍ നടപ്പാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്വന്തമായി ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ സര്‍ക്കാരിന്‍റെ സുഭിക്ഷം പദ്ധതിയില്‍ നിന്നും പുറത്തായിരിക്കുന്നത് പരിഹരിക്കാന്‍ നടപടി വേണം.പാട്ട കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വക തോട്ടം ഭൂമി സ്വകാര്യ പ്ലാന്‍റേഷന്‍ ഉടമകളില്‍ നിന്നും ഏറ്റെടുത്ത് പട്ടിക വിഭാഗത്തില്‍ ഭൂരഹിതരായവര്‍ക്ക് പതിച്ച് നല്‍കി കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് മറിച്ചുവിറ്റ നടപടി റദ്ദാക്കണം. ബിലീവിയേവ്സ് ചര്‍ച്ചിന്‍റെ അവകാശവാദം അംഗീകരിക്കരുത്. ശബരിമല വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് ബാക്കി വരുന്ന ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥലം പട്ടികജാതി വിഭാഗങ്ങള്‍ക്ക് പതിച്ചുനല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിജിലന്‍സ് & മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് എം.പി ഈ ആവശ്യം ഉന്നയിച്ചത്. ലോക്ഡൗണ്‍ മൂലം തൊഴില്‍ മേഖലയില്‍ ഉണ്ടായ സ്തംഭനം ഏറെ ബാധിച്ചിരിക്കുന്നത് പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാരെയാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ തൊഴില്‍ ചെയ്ത് ഉപജീവനം നടത്തിയ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി മൂലം മിക്ക പട്ടികജാതി കോളനികളും പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
പട്ടിക വിഭാഗക്കാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പൊതുഭരണ വകുപ്പിലെ എംപ്ലോയ്മെന്‍റ് സെല്‍ ബി ശക്തിപ്പെടുത്തണം. വൈദ്യുതി ബോര്‍ഡില്‍ കുടുംബശ്രീ വഴിയുള്ള നിയമനം പട്ടികജാതിക്കാരെ ഒഴിവാക്കുന്നത് പുന:പരിശോധിക്കണം. ഇവിടെ സംവരണം പാലിക്കുന്നില്ല. കോവിഡ്-19ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങളില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം പാലിക്കുന്നില്ല. എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ട 10,11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ടി.വി,സ്മാര്ട് ഫോണ്‍, ടാബ് എന്നിവ നല്‍കാനും നടപടി സ്വീകരിക്കണം. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നടപ്പാക്കിയ 600 കോടി രൂപയുടെ കോവിഡ് 19 വായ്പാ പദ്ധതി പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വഴി പട്ടിക വിഭാഗങ്ങള്‍ക്കും ലഭ്യമാക്കാന്‍ നടപടി വേണം. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികലുടെ ലംപ്സം ഗ്രാന്‍റ് വിതരണത്തിന് ഉണ്ടായിരിക്കുന്ന കാലതാമസം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
You Might Also Like :ചെറുവള്ളി എസ്റ്റേറ്റിൽ വി.എം സുധീരൻ എത്തുന്നു. ബിഷപ്പ് കെ.പി യോഹന്നാനെതിരെ ജനകീയ സമരം?
സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിനായി 2000 തസ്തിക റിസര്‍വ്വ് ചെയ്തെങ്കിലും പി.എസ്.സി പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനം നടത്താതെ സര്‍ക്കാരും പി.എസ്.സിയും നടത്തുന്ന ഒത്തുകളി അവസാനിപ്പിച്ച് നിയമനം എത്രയും വേഗം നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു. 118 പൊതുമേഖലാ സ്ഥാപനങ്ങളില്‍ പട്ടിക വിഭാഗത്തിന്‍റെ അഞ്ച് ശതമാനം മാത്രമാണ് പ്രാതിനിധ്യമുള്ളത്. 41 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവില്‍ സ്പെഷ്യല്‍ റൂള്‍ ഇല്ല. നിയമനങ്ങളില്‍ സംവരണവും നടപ്പാക്കുന്നില്ലെന്ന് കൊടിക്കുന്നില്‍ പരാതിപ്പെട്ടു. പട്ടികജാതി/വര്‍ഗ്ഗ വികസനവകുപ്പ് മന്ത്രി എ.കെ.ബാലന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ,പട്ടികജാതി./വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ മാവോജി, എസ്.എസ്.റ്റി വിഭാഗത്തില്‍പ്പെട്ട എം.പിമാര്‍,എം.എല്‍.എമാര്‍ ഉള്‍പ്പടെയുള്ളവര്‍ വിവിധ ജില്ലകളിലെ കളക്ട്രേര്റില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു.