പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ചൈത്ര തെരേസ ജോണിനെതിരെ സ്വീകരിക്കേണ്ട നടപടി സിപിഐഎം സംസ്ഥാന സമിതിയോഗം ചര്‍ച്ച ചെയ്‌തേക്കും. ചൈത്രക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്.
എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ നടപടി നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിന് പരിമിതിയും ഉണ്ട്. സിപിഐഎം ഓഫീസില്‍ ചൈത്ര നടത്തിയ റെയ്ഡ് സംഘടനയ്ക്ക് മാനഹാനി ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. മാത്രമല്ല നേതാക്കളെ അപമാനിക്കുന്ന വിധത്തിലായിരുന്നുവെന്നും നേതൃത്വം പറയുന്നു.
പൊലീസ് സ്റ്റേഷന്‍ ആക്രമണകേസിലെ പ്രതികളെ തേടിയായിരുന്നു റെയ്ഡ് നടത്തിയതെങ്കിലും ആരെയും കണ്ടെത്താനാകാത്ത സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് ചൈത്ര തെരേസ ജോണിനെതിരെ നിയമ നടപടിക്ക് നീക്കം നടക്കുന്നത്. അതേസമയം ചൈത്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ നേതൃത്വം കോടതിയെ സമീപിച്ചാല്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയാകും.