ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന്-കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ വാദങ്ങള്‍ തള്ളുന്ന നിലപാടാണ് സിപിഐഎം നേതൃത്വത്തിനുള്ളത്. ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നിലപാട് മാറ്റത്തില്‍ ദുരൂഹതയുണ്ടെന്ന പരാമര്‍ശമായിരുന്നു കോടിയേരി ഉന്നയിച്ചത്.

സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവര്‍ണര്‍. ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് വിവേചന അധികാരമുണ്ട്. ആ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കാലടിയില്‍ സെര്‍ച്ച് കമ്മിറ്റി അംഗീകരിച്ചത് ഗവര്‍ണര്‍ തന്നെയാണ്. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് മറുപടി നല്‍കേണ്ടി വന്നതെന്നും കോടിയേരി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹത്തിന് പൂര്‍ണമായ വിവേചന അധികാരമുണ്ട്. അഥവാ അങ്ങനെ ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയാല്‍ അതിന് വഴങ്ങേണ്ട ആളല്ല ഗവര്‍ണറെന്നും കോടിയേരി പറഞ്ഞു.സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മഹദ് വ്യക്തിയാണ്. ചാന്‍സലര്‍ പദവി നിയമാനുസൃതമായി അദ്ദേഹത്തിന് നല്‍കിയിട്ടുള്ള പദവിയാണ്. ചാന്‍സലര്‍ പദവി നിര്‍വഹിക്കുന്നതിന് വ്യത്യസ്തമായ ഒരു നിലപാടും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നത് എന്നത് ദുരൂഹമാണ്.

നിയമനം സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നത് സര്‍ക്കാര്‍ അല്ല. അതിന് വേണ്ടി ഒരു സെര്‍ച്ച് കമ്മിറ്റിയുണ്ട്. യൂണിവേഴ്‌സിറ്റി, സര്‍ക്കാര്‍, യുജിസി എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് സെര്‍ച്ച് കമ്മിറ്റി. ആ കമ്മിറ്റിയെ ഗവര്‍ണര്‍ തന്നെയാണ് നിയമിച്ചത്. അതില്‍ വ്യത്യസ്തമായ അഭിപ്രായം ഗവര്‍ണര്‍ ഇതുവരെ പറഞ്ഞിട്ടില്ല. സെര്‍ച്ച് കമ്മിറ്റിയാണ് പേര് ശുപാര്‍ശ ചെയ്തത്.

ഗവര്‍ണര്‍ക്ക് ഒരു പേരാണ് വേണ്ടചെങ്കില്‍ അതും, മൂന്ന് പേരാണ് വേണ്ടതെങ്കില്‍ അത്തരത്തിലും ശുപാര്‍ശ നല്‍കാന്‍ സന്നദ്ധമാണെന്ന് സെര്‍ച്ച് കമ്മിറ്റി അറിയിച്ചിരുന്നു. പേര് ശുപാര്‍ശ നല്‍കിയതും ഐകകണ്‌ഠ്യേനയാണ്. വിസി ആയി ഒരാളുടെ പേര് മാത്രം മതിയെന്ന് പറഞ്ഞിട്ടില്ലെന്ന ഗവര്‍ണറുടെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, സെര്‍ച്ച് കമ്മിറ്റിയുടെ ആളുകള്‍ പറയുന്നത് ഒരു പേര് മതിയെന്ന് പറഞ്ഞുവെന്നാണ് എന്നായിരുന്നു കോടിയേരിയുടെ മറുപടി.

ചാന്‍സലര്‍ പദവി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണമെന്നതാണ് സര്‍ക്കാര്‍ ആഗ്രഹം. ഗവര്‍ണറുമായി ഏറ്റുമുട്ടുന്നതിന് ഉദ്ദേശമില്ല. ചാന്‍സലര്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്. അതില്‍ ഒരു വിഘാതവും ഉണ്ടായിട്ടില്ല. ഇനിയും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും കോടിയേരി പറഞ്ഞു.

ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ തന്നെ നിശ്ചയിച്ചോളാം എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു എന്നാണല്ലോ ഗവര്‍ണര്‍ പറയുന്നത് എന്ന ചോദ്യത്തിന്, അത് ഗവര്‍ണര്‍ തന്നെ സമ്മതിച്ചിട്ടാണല്ലോ അങ്ങനെ ഒരു വ്യക്തിയെ നിര്‍ദേശിച്ചത്. അത് സമ്മതിച്ചിട്ട് പിന്നീട് എതിര്‍ക്കുന്നത് ശരിയല്ലല്ലോ. അങ്ങനെയെങ്കില്‍ സമ്മതിക്കാന്‍ പാടില്ലായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top