കൊച്ചി: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് വീക്ഷണം. മാണിയെ മാമോദീസ മുക്കാന്‍ കോടിയേരി ശ്രമിക്കുന്നുവെന്നാണ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കാലത്ത് സൗദി അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടു കഴുകിയാലും ഗംഗയിലെ മുഴുവന്‍ വെള്ളം കൊണ്ടു ശുദ്ധീകരിച്ചാലും മാണിയുടെ നാറ്റം മാറില്ലെന്നു പറഞ്ഞ സിപിഐ(എം) നിലപാട് മാറ്റുകയാണെന്നും വീക്ഷണം വ്യക്തമാക്കുന്നു.
ഇഷ്ടദാന ബില്‍ മുതല്‍ ബാര്‍ കോഴവരെയുള്ള കാര്യങ്ങളില്‍ 34 വര്‍ഷം അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മാണ് ഇപ്പോള്‍ മാണിയെ മാമോദീസ മുക്കാന്‍ ശ്രമിക്കുന്നത്. മാണി യു.ഡി.എഫ് വിട്ടപ്പോള്‍ എല്ലാ പാപങ്ങളില്‍നിന്നും കോടിയേരി അദ്ദേഹത്തെ മുക്തനാക്കി വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മാണി വര്‍ഗപരമായി സിപിഎമ്മിന്റെ ശത്രുവാണെങ്കിലും മാണിക്കായിഒരു ചൂണ്ട എല്ലാക്കാലത്തും സിപിഐ(എം) കരുതിപ്പോന്നിട്ടുണ്ട്. യു.ഡി.എഫിനെ ദുര്‍ബലമാക്കാന്‍ മാണി തന്നെയാണ് മതിയായ ആയുധമെന്ന് സിപിഐ(എം) എന്നും കരുതിപ്പോന്നു. അങ്ങനെയാണ് മാണിയുടെ മണ്ടയില്‍ അക്കാലത്ത് മുഖ്യമന്ത്രി മോഹം സിപിഐ(എം) ഊതിക്കയറ്റിയത്. പാലക്കാട് പാര്‍ട്ടി പ്ലീനത്തോടനുബന്ധിച്ച് സെമിനാറിലേക്ക് മാണിയെ ക്ഷണിച്ചുകൊണ്ടുപോയി അദ്ദേഹത്തിന്റെ വായില്‍ ഈ ചൂണ്ട സിപിഐ(എം) കൊളുത്തിവച്ചു. അന്നുതൊട്ടു മാണി യു.ഡി.എഫിനകത്ത് ചങ്കില്‍ തറച്ച മുള്ളുപോലെ അലോസരങ്ങള്‍ സൃഷ്ടിച്ചു. സിപിഐ(എം) പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ കഴിയാതെ പോയ മാണിയെ ബാര്‍കോഴക്കേസില്‍ ഉള്‍പ്പെടുത്തി മാനം കെടുത്തി. എന്നിങ്ങനെ പോകുന്നു വീക്ഷണത്തിന്റെ ആരോപണങ്ങള്‍.