തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറില്ല. അത്തരം സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മകനെ പറ്റിയുള്ള വിവാദം കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. ബിനീഷിന്റെ കാര്യത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞു.
റെയ്ഡിന്റെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാനും തീരുമാനമായി. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ബിനീഷിന്റെ കുടുംബം നിയമ പോരാട്ടം നടത്തട്ടെയെന്നും കോടിയേരി.അതേസമയം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഐഎം നേതൃത്വം രംഗത്തെത്തി. അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്.
സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് ഇതിന്റെ സൂചനയായാണ് സിപിഐഎം കാണുന്നത്. ഇത് തുറന്നുകാട്ടാനും പ്രതിരോധിക്കാനും നടപടി വേണമെന്നും സിപിഐഎം സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 16 ന് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.