പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ !വിവാദപരാമർശവുമായി കെ.ടി.ജലീല്‍. പാക് അധീന കാശ്മീരെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.

തിരുവനന്തപുരം: കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് വിവാദ പരാമർശവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ എം എൽ എ. പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ ‘ എന്നാണ് ജലീൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശം. ഈ പോസ്റ്റിനെ വിവാദമാക്കി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. പാകിസ്ഥാന്‍ അധീനതയിലുള്ള ‘ആസാദ് കാശ്മീരെ’ന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് സന്ദീപ് വാര്യര്‍ കമന്‍റിട്ടത്.

കെ ടി ജലീലിന്‍റെ പോസ്റ്റ് :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം’

ജലീലിന്‍റെ പോസ്റ്റിനു കീഴെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി.

സന്ദീപ് വാര്യരുടെ വാക്കുകള്‍ ഇങ്ങനെ

‘ആസാദ് കാഷ്മീരൊ ‘? പാക് ഒക്യുപൈഡ് കാശ്മീർ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് . ഇന്ത്യൻ പാർലമെന്റ് ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണ്. ഒരു ജനപ്രതിനിധിയും മുൻ മന്ത്രിയുമായ താങ്കൾ പാക് ഒക്കുപൈഡ് കാശ്മീർ എന്ന ഇന്ത്യൻ നിലപാടിനെ അംഗീകരിക്കുന്നില്ലേ ? പാകിസ്ഥാനെ വെള്ളപൂശുകയാണല്ലോ ജലീൽ . So called Azad Kashmir ന്റെ ഒരു ഭാഗം പാകിസ്ഥാൻ ചൈനക്ക് കൊടുത്തു. പാക് അധീന കശ്മീരിലെ സർക്കാർ തമാശയാണ്. അവിടെ പരിപൂർണമായും പാക് ഭരണമാണ്.

കശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്താനുമായി ചേർക്കപ്പെട്ടതല്ല , പാക് സൈന്യം അധിനിവേശം നടത്തിയതാണ്, ഇന്ത്യൻ സൈനിക നടപടി ഇല്ലായിരുന്നെങ്കിൽ മുഴുവൻ കാശ്മീരും അവർ കയ്യേറിയേനെ. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനകം രംഗത്ത് വന്നിട്ടുള്ളത്. കെ ടി ജലീല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണമാന്നും നടത്തിയിട്ടുമില്ല.

Top