കുളിപ്പിക്കുന്നതിനിടെ കാൽവഴുതി വീണ ആനയ്ക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം; സംഭവം കോട്ടയം കാരാപ്പുഴയിൽ; അടിതെറ്റി വീണത് ഭാരത് ഗ്രൂപ്പിന്റെ കൊമ്പൻ

സ്വന്തം ലേഖകൻ

കോട്ടയം: കുളിപ്പിക്കുന്നതിനിടെ അടിതെറ്റി വീണ കൊമ്പൻ ഭാരത് വിശ്വനാഥന്റെ അടിയിൽ വീണ് പാപ്പാന് ദാരുണാന്ത്യം. ആനയുടെ ഒന്നാം പാപ്പാൻ ആലപ്പുഴ ചെന്നിത്തല തൃപ്പെരുത്തുറ പത്തേടത്ത് വീട്ടിൽ ആരുൺ പണിക്കറാണ് (40) ആനയ്ക്കടിയിൽപ്പെട്ട് മരിച്ചത്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആനയെ കെട്ടുന്ന കാരാപ്പുഴയിലെ പുരയിടത്തിലായിരുന്നു സംഭവം. ആനയെ കുളിപ്പിക്കുന്നതിനായി ചങ്ങല അഴിച്ച് നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെ പാപ്പാൻ ആനയോട് കിടക്കാൻ ആവശ്യപ്പെട്ടു. പാപ്പാൻ നിർദേശിച്ച സ്ഥലത്തിന്റെ എതിർദിശയിലേയ്ക്കാണ് ആന ഉടൻ കിടന്നത്. ഈ സമയം നില തെറ്റിയ കൊമ്പൻ ഒരു വശത്തേയ്ക്ക് മറിഞ്ഞു. ആന വീഴുന്നത് കണ്ട് പാപ്പാൻ ഓടി മാറാൻ ശ്രമിച്ചെങ്കിലും, പനമ്പട്ടയിൽ തട്ടി പാപ്പാൻ താഴെ വീണു. ഇതോടെ ആന പാപ്പാന്റെ പുറത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ഓടിയെത്തിയപ്പോഴേയ്ക്കും ഇയാൾ ആനയ്ക്ക് അടിയിൽപ്പെട്ടിരുന്നു. തുടർന്ന് ആനയെ എഴുന്നേൽപ്പിച്ച ശേഷമാണ് പാപ്പാനെ പുറത്തെടുത്തത്. ഭാരത് ആശുപത്രിയിൽ എത്തിച്ചപ്പേഴേയ്ക്കും പാപ്പാന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഭാരത് ആശുപത്രി മോർച്ചറിയിൽ. സംഭവം അറിഞ്ഞ് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top