തിരുവനന്തപുരം: സംസ്ഥാനത്തിന് 1.5 ലക്ഷം കടമുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞതോടെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെത്തി. സംസ്ഥാനത്തിന് തീര്‍ത്താല്‍ തീരാത്ത കടം വരുത്തിവെച്ചത് മാറി മാറി ഭരിച്ച സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് കുമ്മനം ആരോപിക്കുന്നു.
കരകയറാന്‍ പറ്റാത്ത അവസ്ഥയിലേക്കു കേരളത്തെ തള്ളിവിട്ട ഭരണാധികാരികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ ഭരണാധികാരികള്‍ നാടുഭരിച്ചതിന്റെ ബാക്കി പത്രമാണു ജനിച്ചു വീഴാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ പോലും കടക്കാരായി മാറിയതെന്ന് കുമ്മനം പറഞ്ഞു. ഒരു ദിവസം കൊണ്ടു മോശമായ സാമ്പത്തികാവസ്ഥയല്ല കേരളത്തിന്റേത്.
ധവളപത്രം പുറത്തിറക്കി മേനി നടിക്കുന്ന മന്ത്രി ഡോ. തോമസ് ഐസക്കും ഇടതുമുന്നണിയും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ബാധ്യതയ്ക്കു കാരണക്കാരാണെന്നും ഇതിനു മുമ്പുള്ള രണ്ട് യുഡിഎഫ് സര്‍ക്കാരുകള്‍ ധവളപത്രം പുറത്തിറിക്കിയിട്ടുണ്ടെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അതിനൃശേഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമായില്ലെന്നാണു കണക്കുകള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കടക്കെണിയില്‍ നിന്നു സംസ്ഥാനത്തെ രക്ഷിക്കാനുള്ള പദ്ധതികളില്‍ ധവളപത്രം നിശബ്ദത പാലിക്കുകയാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു സംസ്ഥാനത്തെ കടക്കെണിയില്‍ നിന്നു രക്ഷിക്കാനാണു ധനമന്ത്രി ശ്രമിക്കേണ്ടതെന്നും കുമ്മനം പ്രസ്താവിച്ചു.