സുപ്രീം കോടതിക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ച് പ്രശസ്ത സ്ൻ്റാൻഡപ് കോമഡീയൻ കുനാൽ കമ്ര. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ചാനൽ മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നിരവധി ആക്ഷേപ ട്വീറ്റുകൾ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റുകളിൻമേൽ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യം ഉയരുകയാണ്.
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ സുപ്രീം കോടതി കാവി നിറത്തിലാക്കി ബിജെപി പതാകയും സ്ഥാപിച്ച ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖിയാണ് കുനാലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ കുനാല്‍ കമ്രക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്‍റെ അനുമതി തേടിയിരിക്കുകയാണ് പരാതിക്കാരന്‍. സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂര്‍വമായ ശ്രമമാണ് നടന്നതെന്ന് അറ്റോര്‍ണി ജനറലിനുള്ള കത്തില്‍ പരാതിക്കാരന്‍ പറയുന്നു. അര്‍ണബിന്‍റെ ഹരജി അടിയന്തരമായി പരിഗണിച്ചതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അര്‍ണബിന്‍റെ നിരന്തര വിമര്‍ശകനാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ കുനാല്‍ കമ്ര.