പേഴ്‌സണലായിട്ട് പറയുവാ ഇത്തവണ ചിലപ്പോള്‍ ലാലു അലക്‌സ് മത്സരിച്ചേക്കും.

കോട്ടയം:സിനിമക്കാരെ തിരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത് ഇടതുപക്ഷമാണ്.ഇന്നസെന്റിലൂടെ,അതിനെ പിന്‍പറ്റി ജഗദീഷും സിദ്ധികും,ഇപ്പൊ ഒടുവില്‍ ലാലു അലക്‌സും.അധികാരത്തിലേക്ക് എത്തണമെങ്കില്‍ മധ്യകേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. അതിനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി. പാര്‍ട്ടി സഖാക്കളില്‍ ഉപരിയായി പൊതുസമ്മതരെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നതും. ഇതിനായി സിനിമാ രംഗത്തുള്ളവരെയും മത്സര രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനും. ഇതിനുള്ള നീക്കങ്ങളം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി സിനിമാതാരം ലാലു അലക്‌സിനെ പാര്‍ട്ടി പരിഗണിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

ലാലു അലക്‌സിന് താല്‍പ്പര്യമില്ലെങ്കില്‍ ബാബു മണലേലിനെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി പരിഗണിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസം എമ്മിലെ മോന്‍സ് ജോസഫ് തന്നെരംഗത്തെത്തും. എന്നാല്‍, മോന്‍സിനെതിരെ ക്‌നാനായ സഭാഗംങ്ങളുടെ ശക്തി കേന്ദ്രമായ കടുത്തുരുത്തിയില്‍ ക്‌നാനായ സഭാംഗത്തെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. 15000 ക്‌നാനായ വോട്ടുകളാണ് കടുത്തുരുത്തി മണ്ഡലത്തിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

90ശതമാനം ക്‌നാനായ വോട്ടുകളും എപ്പോഴും യുഡിഎഫിന് ആണ് പോകാറുള്ളത്. എന്നാല്‍ കഴിഞ്ഞ തവണ നിയമസഭയിലേയ്ക്ക് ഒരു ക്‌നാനായ പ്രതിനിധിയും ഇല്ലാത്തതും, യുഡിഎഫിന് വിജയസാധ്യത കുറഞ്ഞ ഏറ്റുമാനൂര്‍ തോമസ് ചാഴിക്കാടന് നല്‍കിയതും ക്‌നാനായക്കാര്‍ക്കിടയില്‍ അമര്‍ഷം ഉണ്ട്.

തോമസ് ചാഴിക്കാടന് വേണ്ടി കടുത്തുരുത്തി മണ്ഡലം വാദിക്കുന്നുണ്ടെങ്കിലും മോന്‍സ് ജോസഫ് വഴങ്ങാത്തത് ക്‌നാനായക്കാര്‍ക്ക് ഇടയില്‍ പ്രതിഷേധം ഉണ്ട്. അതുകൊണ്ട് തന്നെ പരമ്പരാഗതമായി യുഡിഎഫിന് പോകുന്ന ക്‌നാനായ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് നേടിയെടുക്കാനാണ് ഇടതുപക്ഷം ക്‌നാനായക്കാരായ സ്ഥാനാര്‍ത്ഥകളായി ബാബു മണലേലിനെയും ലാലു അലക്‌സിനേയുമാണ് പരിഗണിക്കുന്നത്. രണ്ട് പേരും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പഠിച്ചതും ഇതില്‍ ബാബു മണലേല്‍ ഇടതുപക്ഷ യുവജന പ്രവര്‍ത്തനങ്ങളില്‍ സജീവവും, കഴിഞ്ഞ വര്‍ഷവും സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നതുമാണ്.

പിറവംകാരനായ ലാലു അലക്‌സിന് പിറവത്ത് നില്‍ക്കാനാണ് കൂടുതല്‍ താല്പര്യം. എന്നാല്‍ കടുത്തുരുത്തിയില്‍ മത്സരിക്കാനാണ് പാര്‍ട്ടി പറയുന്നത്. ലാലു അലക്‌സിനോട് മമ്മൂട്ടിയും ഇന്നസെന്റും വഴി പാര്‍ട്ടി താല്‍പ്പര്യം അറിയിച്ചതായാണ് സൂചന. കടുത്തുരുത്തി മണ്ഡലത്തില്‍ കടുത്തുരുത്തി, അരുനൂറ്റിമംഗലം, കുറാവള്ളൂര്‍, കിടങ്ങൂര്‍, ഉഴവൂര്‍, കൂടല്ലൂര്‍, പൂഴിക്കോല്‍, വെളയന്നൂര്‍ എന്നിങ്ങനെ ഒട്ടുമിക്ക സ്ഥലങ്ങളും ക്‌നാനായ ശക്തി കേന്ദ്രമാണ്. 6000 ക്‌നാനായ വോട്ട് മറിഞ്ഞാല്‍ എളുപ്പത്തില്‍ വിജയിച്ചു കയറാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം യുവജന സ്ഥാനാര്‍ത്ഥിയായി ബാബു മണലേലിനെയോ, സിനിമാ താരം ലാലു അലക്‌സിനെയോ പരിഗണിക്കുന്നത്.

സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ലാലു അലക്‌സുമായി നടന്നെന്നാണ് വിവരം. ലാലു അലക്‌സിനെ നിര്‍ത്തിയാല്‍ സമുദായ വോട്ടുകള്‍ക്കൊപ്പം താരമൂല്യം വഴിയും വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കും. നീക്കങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ എല്‍.ഡി.എഫ് നേതാക്കള്‍ തയ്യാറായിട്ടില്ല. 2011ല്‍ സ്റ്റീഫന്‍ ജോര്‍ജിനെ 23057 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മോന്‍സ് വിജയിച്ചത്. 2006ലെ തെരഞ്ഞെടുപ്പിലും സ്റ്റീഫന്‍ ജോര്‍ജിനെ മോന്‍സ് പരാജയപ്പെടുത്തിയിരുന്നു.

പത്തനാപുരത്ത് ഗണേശ് കുമാറിനെതിരെ ജഗദീഷ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും യു.ഡി.എഫിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ജഗദീഷിനെ പത്തനാപുരത്ത് മത്സരിപ്പിക്കാനുള്ള സാധ്യത നേരത്തെ കൊടിക്കുന്നില്‍ സുരേഷ് എംപി ഒരു പൊതു പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.

Top