തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണം; ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി

തോമസ് ചാണ്ടിക്കെതിരെ വീണ്ടും ഭൂമി തട്ടിപ്പ് ആരോപണം. മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണം. ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി സമീപവാസി കൈക്കലാക്കി. പിന്നീട് ഈ ഭൂമി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറി.തട്ടിയെടുത്ത ഭൂമി തോമസ് ചാണ്ടിയുടെ വീടിന് തൊട്ടടുത്തുള്ളതാണ്്. ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തതായാണ് കണ്ടെത്തല്‍.തോമസ് ചാണ്ടിക്കും കുടുംബത്തിനും എതിരെ വിജിലന്‍സ് കേസെടുത്തിരുന്നു . എന്നാല്‍ കേസില്‍ ഹൈക്കോടതി വിധിയും തോമസ് ചാണ്ടിക്ക് എതിരായിരുന്നു . ഭൂമി ദേവസ്വത്തിന് നല്‍കാനുള്ള കോടതി വിധി ഇനിയും നടപ്പായില്ല . റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയായില്ല .

അതേസമയം മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയായ ശേഷമാണ് ആരോപണം ഉന്നയിക്കുന്നത്. ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍സിപിക്ക് അറിയാമെന്നും കോടിയേരി പറഞ്ഞു.അദ്ദേഹത്തിനെതിരെ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾ എന്തുകൊണ്ട് മുൻപ് ഉന്നയിച്ചില്ലെന്നും കോടിയേരി ചോദിച്ചു. തോമസ് ചാണ്ടി മന്ത്രി ആയതിനു ശേഷമാണ് ഇത്തരം ആരോപണങ്ങൾ ഉയർന്ന് വന്നത്. ഇതു തന്നെ സംഭവത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ട് എന്ന് വെളിവാക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ എവിടെയും കാണാത്ത രീതിയില്‍ വെള്ളം പോകാനുള്ള ചാല് മുഴുവന്‍ കല്ലുകെട്ടാനുള്ള ഉത്തരവുപയോഗിച്ച് തോമസ് ചാണ്ടി പാടം നികത്തി ലേക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിംഗ് സ്ഥലമൊരുക്കിയെന്നാണ് പരാതി. മൂന്ന് വര്‍ഷം മുമ്പാണ് 250 ലേറെ മീറ്റര്‍ നീളത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് തോമസ് ചാണ്ടി വയല്‍ നികത്തിയത്. മുന്‍ കളക്ടര്‍ എന്‍. പത്മകുമാറാണ് തോമസ് ചാണ്ടിക്ക് എല്ലാ ഒത്താശയും നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന കുറുവേലി പാടശേഖരത്താണ് നിയമ ലംഘനം നടന്നത്. ഇവിടെ വെള്ളം ഒഴുക്കിക്കളയാനുള്ള ചാല് കല്ലുകെട്ടുന്നതിനായി ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി 2013 ല്‍ അപേക്ഷ നല്‍കി. ഈ അപേക്ഷയില്‍ ചാല് മുഴുവന്‍ കല്ല് കെട്ടാന്‍ അന്നത്തെ ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കുട്ടനാട്ടിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയുള്ള പാടശേഖരങ്ങളില്‍ പോലും ഇല്ലാത്തതാണ് വെള്ളമൊഴുകിപ്പോകുന്ന ചാലിന് മുഴുവനായി കല്ലുകെട്ടുക എന്നത്.

കല്ല് കെട്ടുന്നത് ചാലിലെ വെള്ളം പുറത്തേക്ക് കളയുന്ന പമ്പിനോട് ചേര്‍ന്ന് മാത്രമാണ്. അതും പരമാവധി ഒരു ഭാഗത്ത് അമ്പത് മീറ്റര്‍ മാത്രം. പിന്നെന്തിനാണ് ഇവിടേക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവ് നല്‍കിയെന്ന ചോദ്യത്തിന് തോമസ് ചാണ്ടി പിന്നീട് നടത്തിയ നിയമലംഘനങ്ങളാണ് ഉത്തരം. കല്ല് കെട്ടാനുള്ള ഉത്തരവ് കിട്ടിയതോടെ തോമസ് ചാണ്ടി പണി തുടങ്ങി. വെള്ളം പോകുന്ന ചാലിനോട് ചേര്‍ന്ന് നല്ല ഉയരത്തില്‍ കല്ല് കെട്ടി. എന്നാല്‍ റോഡിനോട് ചേര്‍ന്ന മറ്റേ ഭാഗത്ത് കെട്ടിയതുമില്ല.പിന്നീട് ചാലിനോട് ചേര്‍ന്ന് കല്ല് കെട്ടിയതിന്റെ പതിനഞ്ച് മീറ്ററപ്പുറവും കല്ല് കെട്ടിയുയര്‍ത്തി മണ്ണിട്ടു. കൃഷിചെയ്തുകൊണ്ടിരുന്ന പാടത്ത് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള മണ്ണടിക്കല്‍. അതിന് തോമസ് ചാണ്ടി ഈ ഉത്തരവ് മറയാക്കി. വയല്‍ നികത്തി പണിത പാര്‍ക്കിംഗ് സ്ഥലത്തിന് ഏകദേശം 15 മീറ്റര്‍ വീതിയും 250 മീറ്റര്‍ നീളവുമുണ്ട്.

Top