പ്രതിപക്ഷ നേതാവ് കെഎസ്യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് പിന്നിരിക്കുന്നവരെപ്പോലെ സംസാരിക്കരുതെന്ന് മുഖ്യമന്ത്രി ഇതിനു മറുപടി നല്കി. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോറ്റതോടെ പ്രതിപക്ഷ നേതാവിന്റെ മനോനില തകര്‍ന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുകയാണെന്നായിരുന്നു വി.ഡി സതീശന്റെ ആക്ഷേപം. എസ്എഫ്ഐ പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ക്രൂരമായ കൃത്യമാണ് ലോ കോളജില്‍ നടന്നത്. ഇതിനേ ന്യായീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, ക്യാമ്ബസുകളില്‍ കെഎസ്യുവിന്റെ ദീര്‍ഘകാലത്തെ അതിക്രമത്തെ നേരിട്ടാണ് എസ്എഫ്ഐ വളര്‍ന്നുവന്നത്. എസ്എഫ്ഐയെ ഇത്തരത്തില്‍ അധിക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംഘടനകളുടേയും പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും ഗൗരവകരമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.