വയനാട്: രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്നതോടെ കേരളത്തിലാകെ ഇടതുപക്ഷം പ്രതിരോധത്തിലാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്റ്റാര്‍ ക്യാമ്പയിനറെ എങ്ങനെ അട്ടിമറിക്കാമെന്ന കണക്കുകൂട്ടലുകളാണ് ഇടത്പാര്‍ട്ടികള്‍ നടത്തുന്നത്. വയനാട് മണ്ഡലത്തില്‍ തന്നെ മികച്ച പ്രതിരോധം തീര്‍ക്കുക എന്നതാണ് പ്രധാനമായി ഉന്നം വയ്ക്കുന്നത്. കണക്കുകളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഇടത് നേതാക്കള്‍.
2009 ലും 2014 ലും യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസ് വന്‍ ഭൂരിപക്ഷം നേടിയ വയനാട് ലോക്സഭാ മണ്ഡലത്തിന് കീഴിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും 2016 ല്‍ അനുകൂലിച്ചതാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. സിപിഐ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തവണ ഇവിടെ എം ഐ ഷാനവാസ് വിജയം കുറിച്ചത്. 11,02,097 വോട്ടര്‍മാരുടെ വയനാട്ടില്‍ 2009 ല്‍ ഷാനവാസിന് 410,703 വോട്ടുകളാണ് കിട്ടിയത്.
എന്നാല്‍, വയനാട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളായ മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍, കല്‍പ്പറ്റ എന്നിവ 2016ല്‍ ഇടതുപക്ഷത്തെ തുണച്ചപ്പോള്‍ സുല്‍ത്താന്‍ബത്തേരി, വണ്ടൂര്‍, ഏറനാട് എന്നിവയാണ് യുഡിഎഫിന് അനുകൂലമായി നിന്നത്.
സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായിരുന്ന പികെ ജയലക്ഷ്മിയെയാണ് മാനന്തവാടിയില്‍ കഴിഞ്ഞ തവണ സിപിഎമ്മിന്റെ ഒ ആര്‍ കേളു തോല്‍പ്പിച്ചത്. എന്നിരുന്നാലും 1307 വോട്ടിന്റെ നേരിയ ഭൂരിപക്ഷമായിരുന്നു കിട്ടയത് എന്നത് കോണ്‍ഗ്രസിന് ആശ്വാസമാകും. മാറിയും മറിഞ്ഞും വന്ന മണ്ഡലം പക്ഷേ 2011 ല്‍ പികെ ജയലക്ഷ്മിയെ ജയിപ്പിച്ചത് 12,734 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. സിപിഎമ്മിന്റെ കെ സി കുഞ്ഞിരാമനെയായിരുന്നു അന്ന് ജയലക്ഷ്മി പരാജയപ്പെടുത്തിയത്.
കല്‍പ്പറ്റയില്‍ കഴിഞ്ഞ തവണ സിപിഎമ്മിന്റെ സി കെ ശശീന്ദ്രന്‍തോല്‍പ്പിച്ചത് യുഡിഎഫിന്റെ എംവി ശ്രേയാംസ് കുമാറിനെയായിരുന്നു. 13083 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കിട്ടിയത്. സോഷ്യലിസ്റ്റ് ജനതയുടെ എംവി ശ്രേയാംസ് കുമാര്‍ 2011 ലും 2006 ലും വിജയിച്ച സീറ്റില്‍ കൂടുതല്‍ തവണ ജയിച്ചിട്ടുള്ളതും കോണ്‍ഗ്രസ് തന്നെ.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ ജോര്‍ജ്ജ് എം മാത്യൂസ് നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സുല്‍ത്താന്‍ ബത്തേരി മണ്ഡലം 2011 ല്‍ മുസ്ളീം ലീഗിന്റെ സി മൊയിന്‍കുട്ടിയ്ക്കൊപ്പം നിന്നതായിരുന്നു. 3833 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ജയം. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ 2016 ല്‍ മുസ്ളീം ലീഗിലെ വി.എം. ഉമ്മറിനെ ജോര്‍ജ്ജ് എം മാത്യൂസ് തോല്‍പ്പിച്ചത് 3008 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.
സ്വതന്ത്രനായി മത്സരിക്കാനുള്ള പി.വി. അന്‍വറിന്റെ തീരുമാനത്തെ എല്‍ഡിഎഫ് പിന്തുണച്ചപ്പോള്‍ മുസ്ളീംലീഗ് വിമതനായി മത്സരിച്ച പി വി അന്‍വറിനെ 11504 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലമ്പൂര്‍ കഴിഞ്ഞ തവണ പിന്തുണച്ചത്. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ കോണ്‍ഗ്രസിന്റെ ആര്യാടന്‍ ഷൗക്കത്തിനെയാണ് പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസിന് മേല്‍ക്കൈയ്യുള്ള തിരുവമ്പാടി മണ്ഡലത്തില്‍ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കോണ്‍ഗ്രസിന്റെ ഐസി ബാലകൃഷ്ണന്‍ ജയിച്ചത്. 2011 ല്‍ ഐസി ബാലകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ 7583 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സിപിഎമ്മിന്റെ ഇ ഐ ശങ്കരനെയാണ് അന്ന് തോല്‍പ്പിച്ചത്. ഇത്തവണ രുക്മണി സുബ്രഹ്മണ്യനെയും.
തുടര്‍ച്ചയായി നാലു തവണ എപി അനില്‍കുമാറിനൊപ്പം നിന്ന വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ 1996 ല്‍ എന്‍ കണ്ണന്‍ ജയിച്ചത് മാത്രമാണ് സിപിഎമ്മിന് ഇവിടെ പറയാനുള്ളത്. സിപിഎമ്മിന്റെ രമേശനെയാണ് കഴിഞ്ഞ തവണ അനില്‍കുമാര്‍ തോല്‍പ്പിച്ചത്. 23,864 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം.
മുസ്ളീംലീഗിന്റെ പി കെ ബഷീറാണ് ഏറനാട് നിയോജക മണ്ഡലത്തില്‍ വിജയം നേടിയത് 69048 വോട്ടുകളുടെ ഭുരിപക്ഷത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ടി അബ്ദുറഹിമാനെയായിരുന്നു ബഷീര്‍ തോല്‍പ്പിച്ചത്. 2011 ല്‍ ഇവിടെ ബഷീര്‍ തോല്‍പ്പിച്ചത് പിവി അന്‍വറിനെയായിരുന്നു. 11246 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അന്ന് ബഷീറിന് ലഭിച്ചത്.
മൂന്ന് നിയോജയ മണ്ഡലം സിപിഎമ്മിന് കൃത്യമായ സ്വാധീനം കാണിക്കുകയും ഒന്നോ രണ്ടോ മണ്ഡലങ്ങള്‍ ആടിയുലഞ്ഞ് നില്‍ക്കുന്നതുമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഒരു ലക്ഷത്തലധികം വോട്ട് മറിക്കാന്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്ന മണ്ഡലമാക്കി വയനാടിനെ മാറ്റാമെന്നതാണ് സിപിഎം പ്രതീക്ഷ. പാര്‍ട്ടി വോട്ടുകള്‍ മറിയാതെ സൂക്ഷിക്കുകയും എതിര്‍പാര്‍ട്ടിക്കാരുടെ വോട്ടുകള്‍ സ്വന്തം പെട്ടിയിലേക്ക് വീഴ്ത്തുകയും ചെയ്യാനായി ചിട്ടയായ പദ്ധതികള്‍ക്ക് എല്‍ഡിഎഫ് തുടക്കം കുറിച്ചിരിക്കുന്നത്.