എസ് ഡി പി ഐ നേതാക്കളും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യ ചര്‍ച്ച; വീഡിയോ പുറത്തായതോടെ നേതാക്കള്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടും നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയുടെ വീഡിയോ ദേശാഭിമാനി പുറത്ത് വിട്ടു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടല്‍ ടാമറിന്‍ഡിലാണ് രാത്രി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീന്‍ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. കൂടികാഴ്ചയോട് എതിര്‍പ്പുള്ള ഒരു വിഭാഗം പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടതെന്ന് ദേശാഭിമാനി പറയുന്നു.

മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും ഒഴിവാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഹോട്ടലിലെത്തിയതെങ്കില്‍ നസറുദ്ദീന്‍ എളമരം അഞ്ചുപേര്‍ക്കൊപ്പമാണ് എത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് നസറുദ്ദീന്‍ എളമരവും മറ്റ് അഞ്ചുപേരും ടാമറിന്‍ഡ് റസ്‌റ്റോറന്റില്‍ എത്തിയത്. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന് ഇ ടി മുഹമ്മദ് ബഷീര്‍ ഹോട്ടലിലെത്തി 105-ാം നമ്പര്‍ മുറിയെടുത്തു. അല്‍പ്പസമയത്തിനുശേഷം നസറുദ്ദീന്‍ എളമരവും സംഘവും ഈ മുറിയിലെത്തി ചര്‍ച്ച തുടര്‍ന്നു. പത്തു മിനുട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചര്‍ച്ചക്കുശേഷം ഒമ്പതരയോടെയാണ് എല്ലാവരും ഹോട്ടല്‍ വിട്ടത്. നസറുദ്ദീന്‍ എളമരം മുമ്പ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുമായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി വോട്ട് മുസ്ലിംലീഗിന് മറിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യെമെന്നും ദേശാഭിമാനി പറയുന്നു.

2014 -ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് 47,000 വോട്ടും പൊന്നാനിയില്‍ 26,000 വോട്ടുമാണ് ലഭിച്ചത്. പൊന്നാനിയില്‍ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടാണിത്. മുന്‍ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം മണ്ഡലത്തില്‍ 2016ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മത്സര രംഗത്തുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുമായി എസ്ഡിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് അന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതിരുന്നത്.

നിലവില്‍ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളില്‍ക്കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാര്‍ഥി.

Latest
Widgets Magazine