മോഹന്‍ലാലിന് ശോഭന ജോര്‍ജിന്റെ വക്കീല്‍ നോട്ടീസ്; പരസ്യത്തിനായി ചര്‍ക്കയില്‍ നൂല്‍നൂറ്റതിനാണ് നോട്ടീസ്

കൊച്ചി: ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രതതിന്റെ പേരില്‍ മോഹന്‍ലാലിന് ശോഭനാ ജോര്‍ജ് വക്കീല്‍ നോട്ടീസ് അയച്ചു. സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിനായി ഇത്തരത്തില്‍ അഭിനയിച്ചതിനാണ് നോട്ടീസ്. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ എന്ന സ്ഥാനത്തു നിന്നാണ് ശോഭന ജോര്‍ജ് നോട്ടീസ് അയച്ചിരിക്കുന്നത്.

ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും. ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരണങ്ങള്‍ വ്യാപകമാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡ് ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ഖാദി ബോര്‍ഡിന്റെ പര്‍ദയ്ക്ക് ‘ജനാബാ’ എന്നു പേരു നല്‍കും. മന്ത്രി കെ.ടി.ജലീല്‍ നിര്‍ദേശിച്ച പേരാണിതെന്നു ശോഭന ജോര്‍ജ് പറഞ്ഞു. ‘സഖാവ്’ ഷര്‍ട്ടുകളുടെ മാതൃക പിന്തുടര്‍ന്നു മലബാറിലുള്ളവരെ ഉദ്ദേശിച്ച് ‘ജനാബ്’ ഷര്‍ട്ടുകള്‍ ഇറക്കണമെന്ന മന്ത്രിയുടെ നിര്‍ദേശവും അംഗീകരിച്ചു. സ്ലീവ് ബട്ടണ് സ്വര്‍ണനിറമുള്ള ഷര്‍ട്ടുകള്‍ ‘ജനാബ്’ എന്ന പേരില്‍ ഇറക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍േദശം. ‘ആദരണീയന്‍’ എന്നര്‍ഥം വരുന്ന ഉര്‍ദു വാക്കാണ് ജനാബെന്നും അതിന്റെ സ്ത്രീലിംഗമാണ് ‘ജനാബാ’ എന്നും മന്ത്രി പറഞ്ഞു.

Latest
Widgets Magazine