ഒടിയനിലെ മോഹന്‍ലാലിന്റെ കിടിലം ലുക്ക് പുറത്ത്; ഞെട്ടിക്കുന്ന മേക്കോവറില്‍ താരം

കൊച്ചി: മലയാളികളുടെ മനംകവര്‍ന്ന നടന്‍ മോഹന്‍ലാല്‍ വമ്പന്‍ ഗറ്റപ്പിലെത്തുന്ന ഒടിയന്‍ വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ തന്റെ ശരീരം മുപ്പതാം വയസ്സിലേയ്ക്ക് കൊണ്ട് പോകുന്നു എന്നതായിരുന്നു പ്രധാന വാര്‍ത്ത. ഇതാനായി വിദേശത്തുനിന്ന് പരിശീന സംഘവും എത്തിയിരുന്നു. ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടന്‍ വരുന്നുവെന്നും ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യുവത്വവും ചുറുചുറുക്കും നിറഞ്ഞ മാണിക്യന്റെ ലുക്ക് മോഹന്‍ലാല്‍ തന്നെ ഈ മാസം 13ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഇതിന്റെ ടീസര്‍ ലോഞ്ച് 12ന് ഉണ്ടാകുമെന്നും ഒടിയന്‍ ടീം അറിയിച്ചിരുന്നു. എന്നാല്‍ ഈ സസ്‌പെന്‍സ് ഇന്ന് മനോരമ പൊളിച്ചു. മോഹന്‍ലാല്‍ പുറത്തുവിടുന്നതിന് മുമ്പ് തന്നെ പുതിയ ലുക്കിലെ മോഹന്‍ലാല്‍ ചിത്രം മനോരമ പ്രസിദ്ധികരിച്ചിരിക്കുകയാണ്.

അന്‍പത്തിയൊന്നു ദിവസം നീണ്ട ‘തപസ്സ്’. ശരീരത്തെയും മനസ്സിനെയും മെരുക്കി ‘യൗവനം’ തിരിച്ചുപിടിക്കാന്‍ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവില്‍ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തില്‍ മോഹന്‍ലാല്‍ അവതരിച്ചു. ‘ഒടിയന്‍’ എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം. ഒരു സിനിമയ്ക്കുവേണ്ടി നായകന്‍ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളില്‍ ഒന്ന്. ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിതെന്ന് മനോരമ പറയുന്നു.

പ്രത്യേക പരിശീലനങ്ങള്‍ക്കു ശേഷം 18 കിലോ ഭാരം കുറച്ചെത്തിയ മോഹന്‍ലാല്‍ ചെന്നൈ ഹോട്ടലില്‍ നില്‍ക്കുന്ന ചിത്രമാണ് മനോരമ പുറത്തുവിട്ടത്. ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരും ചിത്രത്തിലുണ്ട്. ഒടിയന്‍ സിനിമയുടെ നിര്‍മ്മാതാവും ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിനൊപ്പം സംവിധായകന്‍ വി.എ. ശ്രീകുമാര്‍മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തില്‍നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം ‘ഒടിയന്‍’ ചിത്രീകരണം പുനരാരംഭിക്കും.

mohanlal2

പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യ ചലച്ചിത്രമാണ് ഒടിയന്‍. മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായും ചിത്രത്തിലെത്തും. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒടിയന് ശേഷം രണ്ടാമുഴത്തിലേക്ക് ശ്രീകുമാര്‍ കടക്കും. രണ്ടാമൂഴത്തിന് മുന്നോടിയായി സിനിമയിലെ തന്റെ മികവ് കാട്ടാനാണ് ഒടിയനിലൂടെ ശ്രീകുമാര്‍ ശ്രമിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവും ഒടിയന് സ്വന്തമാകുകയാണ്.

ചിത്രത്തിന് കടപ്പാട് : മലയാള മനോരമ

Top