ശബരിമല സ്ത്രീ പ്രവേശനവിധി വരുന്നതിന് മുമ്പ് തന്നെ ഈ വിഷയം വലിയ ചര്‍ച്ചയാക്കിയ വ്യക്തിയാണ് തൃപ്തി ദേശായി. സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന താന്‍ തന്നെ മുന്‍കയ്യെടുത്ത് സ്ഥാപിച്ച ഭൂമാതാ ബ്രിഗേഡ് എന്ന സാമൂഹിക പ്രസ്ഥാനത്തിന്റെ നേതാവാണ് അവര്‍. സ്ത്രീകളുടെ ആരാധനാ അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി അനവധി സമരങ്ങള്‍ രാജ്യത്തെമ്പാടും നടത്തിയ വിപ്ലവ പോരാളിയാണ് തൃപ്തി ദേശായി. നടത്തിയ സമരങ്ങളിലെല്ലാം വിജയം വരിച്ച ചരിത്രമാണ് അവര്‍ക്കുള്ളത്.
വൃശ്ചികം ഒന്നിന് ഏഴംഗ സംഘവുമായി ശബരിമല കയറാന്‍ വരുമ്പോള്‍, തൃപ്തി ദേശായിക്ക് 33 വയസ്. ഒപ്പമുള്ളവര്‍, മാനിഷ രാഹുല്‍ തിലേക്കര്‍-42 വയസ്. ഭൂമാത് ബ്രിഗേഡ് അംഗം. മിനാക്ഷി രാമചന്ദ്ര ഷിന്‍ഡേ-46 വയസ്, സ്വാതി കിഷന്‍ റാവു വട്ടംമാര്‍-44 വയസ്, സവിത ജഗന്നാഥ് റൗട്ട്-29 വയസ്, സംഗീത ഡോന്‍ഡിറാം തൊണാപെ-42 വയസ്, ലക്ഷ്മി ഭാനുദാസ് മോഹിതെ-43 വയസ്. തൃപ്തി ദേശായി പറയുന്നത്: താനും വിശ്വാസിയാണെന്നാണ്. എന്നാല്‍, അന്ധമായ വിശ്വാസം തനിക്കില്ലെന്നും അവര്‍ പറയാറുണ്ട്.
ശനി ശിഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് ചരിത്രം സൃഷ്ടിച്ചാണ് തൃപ്തി ദേശായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരുന്ന തുറന്ന പ്ലാറ്റ്ഫോമില്‍ കയറാന്‍ ഒരുസ്ത്രീ എന്ന നിലയില്‍ അനുവാദമില്ല. എന്നാല്‍, പുരുഷന്മാര്‍ക്ക് കയറാം. 11,111 രൂപ അടച്ചാല്‍ മതി. ഇതുപൊളിക്കാന്‍ ദേശായി തീരുമാനിച്ചു. ഗ്രാമത്തിലേക്ക് ആയിരം സ്ത്രീകളുമായി മാര്‍ച്ച് ചെയ്യാനായിരുന്നു പദ്ധതി. ആരെങ്കിലും തടഞ്ഞാല്‍, ഹെലികോപ്ടര്‍ വഴി തൂങ്ങിഇറങ്ങി പ്ലാറ്റ്ഫോമില്‍ ലാന്‍ഡ് ചെയ്യാനായിരുന്നു പ്ലാന്‍.
ശനി ശിംഘ്‌നാപൂര്‍ നിവാസികളും വലതുപക്ഷ മതസംഘടനകളും ശക്തമായി എതിര്‍ത്തെങ്കിലും ദേശായി വഴങ്ങിയില്ല. റിപ്പബ്ലിക് ദിനത്തില്‍ ആയിരം സ്ത്രീകളെയും കൂട്ടി പൂണെയില്‍ നിന്ന് ഗ്രാമത്തിലേക്ക്. പുനെ-അഹമ്മദാബാദ് അതിര്‍ത്തിയില്‍ സുപ എന്ന ഗ്രാമത്തില്‍ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് വന്ന് എല്ലാവരും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഒരു സ്ത്രീയും എഴുന്നേറ്റില്ല. തങ്ങള്‍ രക്തസാക്ഷികളായാലും വേണ്ടില്ല, അവിടെ തന്നെ തുടരുമെന്നും ദര്‍ശനത്തിന് അനുവദിക്കാതെ സ്ഥലം വിടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. ആ പ്രതിഷേധം പൊലീസ് തടങ്കലില്‍ അവസാനിച്ചെങ്കിലും, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഇടപെടലിലേക്ക് അത് വഴിതെളിച്ചു. 400 വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം ക്ഷേത്ര ശ്രീകോവില്‍ തുറന്നത് പിന്നീട് ചരിത്രമായി.
ശബരിമല വിധി സന്തോഷവും ആശ്വാസകരവുമാണെന്നും വിധി സ്ത്രീകളുടെ വിജയമാണെന്നും തൃപ്തി ദേശായി പറയുന്നു. ‘സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തില്‍ത്തന്നെ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും തൃപ്തി ചോദിച്ചു. എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതില്‍ ഹിന്ദു മുസ്ലിം വ്യത്യാസമില്ല. ദൈവത്തിനുമുന്നില്‍ ആണും പെണ്ണും തുല്യരാണ്. തെറ്റായപാരമ്പര്യങ്ങള്‍ തിരുത്തണം.’ തുല്യ അവകാശം നല്‍കുന്ന വിധിയാണ് ഇതെന്നും തൃപ്തി ദേശായി പറഞ്ഞു.
ഭൂമാത റാന്‍ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്നാണ് തൃപ്തി ദേശായിയുടെ പ്രസ്ഥാനത്തിന്റെ മുഴുവന്‍ പേര്. പൂണെയിലെ എസ്എന്‍ഡിടി കോളേജില്‍ പഠിക്കുന്ന കാലത്തെ സാമൂഹിക പ്രവര്‍ത്തകയായിരുന്നു ദേശായി. ഹോംസയന്‍സായിരുന്നു പഠനവിഷയം. കുടുംബപ്രശ്ങ്ങളെ തുടര്‍ന്ന് പഠനം വിട്ടു. അന്നും യോഗങ്ങള്‍ക്കും ആന്ദോളനുകള്‍ക്കും പോകുന്ന പതിവുണ്ടായിരുന്നു. കോളേജ് പഠനത്തിന് ശേഷവും അതുതുടര്‍ന്നു. 2012-ല്‍ പൂന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ദേശായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇവര്‍ക്കോ പ്രസ്ഥാനത്തിനോ മറ്റ് രാഷ്ട്രീയബന്ധങ്ങളൊന്നും നിലവിലില്ല. കര്‍ണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കന്‍ മഹാരാഷ്ട്രയിലെ ആള്‍ദൈവം ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോള്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി. പൂനൈയിലെ ശ്രീമതി നതിബാല്‍ ദാമോദര്‍ താക്കര്‍സേ വുമന്‍സ് സര്‍വ്വകലാശാലയില്‍ ഹോംസയന്‍സില്‍ ബിരുദപഠനത്തിന് ചേര്‍ന്നെങ്കിലും കുടുംബത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഭര്‍ത്താവ് പ്രശാന്ത് ദേശായ്, ആറ് വയസ്സുള്ള മകനുമുണ്ട്.
2003ല്‍ ചേരിനിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 2007 ല്‍ എന്‍സിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ മുന്‍നിരയില്‍ തൃപ്തിയുമുണ്ടായിരുന്നു. അന്ന് തൃപ്തിക്ക് പ്രായം 22 വയസ്സ്. 35000 പേര്‍ക്ക് നിക്ഷേപമുള്ള ബാങ്കില്‍ 29000 പേര്‍ക്ക് നിക്ഷേപം തിരിച്ചു കൊടുക്കാന്‍ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളില്‍ തൃപ്തിയുടെ സംഘടനയും പങ്കു ചേര്‍ന്നു.
പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിക്ക് ഇതിന് എതിര്‍പ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷമായിരുന്നു അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് നടത്തിയ പോരാട്ടം. 2015 ഡിസംബര്‍ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
എട്ട് ദിവസത്തിനകം പ്രവേശനം നല്‍കിയില്ലെങ്കില്‍ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായി തൃപ്തി. ഏപ്രിലില്‍ തൃപ്തിയുൂടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നാസികിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.
2012-ലാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം തടഞ്ഞത്. ഈ വര്‍ഷം ഏപ്രിലില്‍ തൃപ്തി ദേശായുടെ നേതൃത്വത്തില്‍ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തില്‍ തടഞ്ഞു. ഒടുവില്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദര്‍ഗയില്‍ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദര്‍ഗയില്‍ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014-ല്‍ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടര്‍ന്ന് തൃപ്തിയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. മുസ്ലിം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്ലിം മത സംഘടനകള്‍ പൊലീസിനെ സമീപിച്ചിരുന്നു.
നാസികിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു. പിന്നീട് ‘ഹാപ്പി ടു ബ്ലീഡ്’ എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിന്‍ ആരംഭിച്ചു. അത് വലിയ ചര്‍ച്ചയായി മാറി. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൃപ്തിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ്.
നേരത്തെ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ തൃപ്തി ദേശായി ചെരിപ്പൂരി അടിച്ചതും വിവാദമായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കേ ചെറുപ്പക്കാരനെ തൃപ്തി ചെരുപ്പൂരി അടിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശ്രീകാന്ത് ലോധെ എന്ന 25 കാരനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പ്രണയം നടിച്ച് ഒപ്പം താമസിപ്പിച്ച യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതായും പരാതിയുണ്ട്. ഇയാളെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് മര്‍ദ്ദനമെന്ന് തൃപ്തിയും സംഘവും നാട്ടുകാരോട് പറയുന്ന ദൃശ്യവും വീഡിയോയിലുണ്ട്. തൃപ്തി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മറ്റ് പ്രവര്‍ത്തകരും മര്‍ദ്ദനത്തില്‍ പങ്കുചേര്‍ന്നു. ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
40 പേരുമായി 2010-ല്‍ ഭൂമാതാ റാന്‍ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. ഇന്ന് സംഘടനയില്‍ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ 21 ബ്രാഞ്ചുകള്‍. വനിതകള്‍ മാത്രമല്ല, പുരുഷ അംഗങ്ങളും ബ്രിഗേഡിലുണ്ട്. റാന്‍ റാഗിണി ബ്രിഗേഡ് വനിതാ ഘടകമാണ്. ഇത്രയും അംഗങ്ങളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഒരു ട്രസ്റ്റ് എന്നതിനേക്കാളേറെ ഒരു പ്രസ്ഥാനമായാണ് ദേശായി ബ്രിഗേഡിനെ കാണുന്നത്. ഇതിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് പതിനെട്ടാണ്പ്രായം.