വിഴിഞ്ഞം: കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്നു പോലീസ്.പനത്തുറയിലെ കണ്ടല്‍ക്കാട് ദുരൂഹതകളുടെ കേന്ദ്രമായിരിക്കയാണ് . തലവേർപെട്ട നിലയിൽ ലിത്വേനിയ സ്വദേശിനി ലിഗ, പന്ത്രണ്ട് വർഷം മുൻപ് തലയറ്റു കിടന്ന ശ്വാമൾ മണ്ഡൽ, ആറ് മാസം മുൻപ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അശോകൻ. ദുരൂഹതയുടെ കെട്ടഴിക്കാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുമ്പോൾ പേടിപ്പെടുത്തുന്ന ഓർമ്മകൾ അയവിറക്കി നാട്ടുകാർ. എൻജിനിയറിംഗ് ബിരുദമെന്ന മോഹവുമായി ആൻഡമനിൽ നിന്ന് കേരളത്തിലെത്തിയ ശ്യാമൾ മണ്ഡൽ എന്ന വിദ്യാർഥിക്ക് ജീവനോടെ നാട്ടിലെത്താൻ വിധിയുണ്ടായില്ല.
2005 ഒക്ടോബറിൽ സാമൂഹ്യ വിരുദ്ധർ തലയറുത്ത് വകവരുത്തിയ ശ്യാമളിന്‍റെ മൃതദേഹം ചാക്കിൽ കെട്ടി ബൈപാസിനടുത്ത വെള്ളാറിൽ മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ചാക്കുകെട്ടിൽ നിന്നുള്ള ദുർഗന്ധം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറം ലോകമറിയുന്നത്.
അപ്പോഴെക്കും തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീർണിച്ചിരുന്നു. വകവരുത്തിയ ശേഷം വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യക്കൂനയിൽ തള്ളുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയ കേസിൽ ഒടുവിൽ സിബിഐ അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല.വെള്ളാറിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം മാറി പനത്തുറയിലെ കണ്ടൽക്കാട്ടിലാണ് ലിഗയെന്ന മുപ്പത്തിമൂന്നുകാരിയെ തലവേർപെട്ട നിലയിൽ കണ്ടെത്തിയത്. വീടുകൾ കുറഞ്ഞ വിജനമായിക്കിടക്കുന്ന ഏക്കർ കണക്കിന് ഭൂമിൽ ആൾപ്പെരുമാറ്റം തീരെ കുറവാണ്.
സാമൂഹ്യ വിരുദ്ധരുടെ താവളമായ ഇവിടം നാട്ടുകാർക്ക് എന്നും പേടി സ്വപ്നമാണ് താനും. ഇത്രയും നിഗൂഢമായ സ്ഥലത്ത് ലിഗ എങ്ങനെയെത്തിയെന്നതിനെക്കുറിച്ച് തല പുകയ്ക്കുകയാണ് കേരളപോലീസ്. വിഷം ഉള്ളിൽ ചെന്നാകാം ലിഗ മരിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ .എന്നാൽ വിഷം കഴിക്കാനായി ഇവർ കോവളം ബീച്ചിൽ നിന്ന് മൂന്ന് കിലോമീറ്റർ അപ്പുറമുള്ള അജ്ഞാത സ്ഥലം എങ്ങനെ തെരഞ്ഞെടുത്തെന്ന നാട്ടുകാരുടെ സംശയത്തിനും മറുപടിയില്ല. ലിഗയെ മറ്റെവിടെ വച്ചെങ്കിലും വക വരുത്തിയ ശേഷം ഇവിടെ ഉപേക്ഷിച്ചതാണോ എന്നിങ്ങനെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനും ആറ് മാസം മുൻപാണ് നാട്ടുകാരനായ അശോകൻ എന്ന അൻപത്തിരണ്ടുകാരനെ ലിഗ മരിച്ച് കിടന്ന സ്ഥലത്തിന് തൊട്ടടുത്ത പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാൺമാനില്ലെന്ന് വീട്ടുകാർ തിരുവല്ലം പോലീസിൽ പരാതി നൽകി രണ്ട് മാസം കഴിഞ്ഞാണ് അശോകന്‍റെ മരണം പുറത്തറിഞ്ഞത്.
അപ്പോഴെക്കും എല്ല് മാത്രമായി അവശേഷിച്ചു ശരീരം. ദുരുഹതയുണ്ടെന്ന് അറിയിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയെങ്കിലും ഇതുവരെയും അന്വേഷണം നടന്നില്ല. തെളിയിക്കപ്പെടാത്ത ദുരൂഹ മരണങ്ങൾ പെരുകുമ്പോൾ മനസമാധാനം നഷ്ടപ്പെട്ട് കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാർ.