കോഴിക്കോട് :നിപ ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയുടെ ഭര്‍ത്താവിന്റെ ആദ്യ ശമ്പളം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കും. നിപ വൈറസ് ബാധിതനെ ശുശ്രൂഷിക്കുന്നതിനിടെയാണ് നിപ രോഗം പിടിപ്പെട്ട് നഴ്സ് ലിനി മരണപ്പെട്ടത്. ഇതോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകുകയായിരുന്നു. ലിനി മരണപ്പെടുമ്പോള്‍ ഗള്‍ഫിലായിരുന്നു സജീഷ്. ഈ ജോലിയിൽ പ്രവേശിച്ച് ലഭിച്ച ആദ്യമാസത്തെ ശമ്പളമാണ് സജീഷ് കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
വടകര റെസ്റ്റ് ഹൗസിൽ വച്ച് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏല്‍പിക്കുകയായിരുന്നു. കൂത്താളി പിഎച്ച് സി യിലെ ക്ലർക്കായി നിയമിതനായ സജീഷ് ജൂലൈയിലാണ് ജോലിയിൽ പ്രവേശിച്ചത്.