കോഴിക്കോട്: വിശേഷപ്പെട്ട ദിവസങ്ങളില്‍ ക്യൂ നിന്ന് മദ്യം വാങ്ങുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. എന്നാലും, ക്ഷമയോട് ചിലര്‍ ബിവറേജസിനുമുന്നില്‍ ക്യൂ നില്‍ക്കും. ഓണക്കാലത്ത് മദ്യം വാങ്ങാന്‍ ഇനി ക്യൂ നില്‍ക്കേണ്ടെന്നാണ് പറയുന്നത്.
ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം. ഇ കൊമേഴ്സ് ഇടപാടിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് വീട്ടിലെത്തിച്ചു മദ്യം നല്‍കാനാണ് കണ്‍സ്യൂമര്‍ ഫെഡ് പദ്ധതിയിടുന്നത്. ക്രെഡിറ്റ് കാര്‍ഡ് മുഖേനയാണു മദ്യം വില്‍ക്കുന്നത്. സര്‍ക്കാരിന്റെ നിയമത്തിനു കീഴില്‍നിന്നു തന്നെ ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താനാണ് കണ്‍സ്യൂമര്‍ ഫെഡ് തീരുമാനം.
ഒരാള്‍ക്ക് പരമാവധി മൂന്നു ലിറ്റര്‍ മദ്യം വരെയാണ് ഓണ്‍ലൈനിലൂടെ നല്‍കുക. മദ്യ വില്‍പന നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നടത്തുകയാണ് ലക്ഷ്യം. ഔട്ട്ലെറ്റുകളില്‍ ക്യൂ നിന്നു മദ്യം വാങ്ങുന്നത് പല പ്രശ്നങ്ങള്‍ക്കും വഴി വയ്ക്കുന്നതിനാലാണ് ഓണ്‍ലൈന്‍ മദ്യ വില്‍പന നടത്താന്‍ ആലോചിക്കുന്നതെന്നു നേരത്തേ കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസ് വ്യക്തമാക്കിയിരുന്നു.
59 ഇനം മദ്യമായിരിക്കും ഓണ്‍ലൈനില്‍ വില്‍ക്കുക. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ വഴി മദ്യവില്‍പന കൂട്ടാനും തീരുമാനമുണ്ട്. മദ്യ വില്‍പന ഔട്ട്‌ലെറ്റുകളില്‍ ക്യൂ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കണമെന്നു കഴിഞ്ഞദിവസം എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.