കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ ഇത്രയേറെ വിഷയദാരിദ്ര്യം ഉണ്ടാകുന്നതും ചരിത്രത്തില്‍ ഇതാദ്യം. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ഭരണതുടര്‍ച്ച തെരഞ്ഞെടുപ്പില്‍ ട്രെന്‍ഡ് ആയി മാറുന്നതും ഇതാദ്യം. ഒട്ടേറെ തെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച കേരളചരിത്രത്തില്‍ പഞ്ചായത്ത് തെരഞ്ഞടുപ്പുകള്‍ക്ക് സാധാരണ ലഭിക്കുന്നതിലും വലിയ പ്രാധാന്യമാണ് വോട്ടര്‍മാരും നല്‍കിയത്. സാധാരണ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഭരിക്കുന്ന സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ വരുമെന്ന പ്രതീതിയാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഇത്തവണ സ്ഥിതി മറിച്ചാണ്. സര്‍ക്കാരിന് അനുകൂലമായ ജനങ്ങളുടെ സമീപനം ഉണ്ടായതോടെ യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ഉണ്ടായ ആവേശമാണ് തെരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം കൈവരിക്കാനിടയായത്.
കാറ്റ് യു.ഡി.എഫിന് അനുകൂലമാണ് എന്ന് വ്യക്തമായതോടെ പ്രതിരോധത്തിലായ ഇടതുമുന്നണിയും ജനവിധി കൈവിട്ടുപോകാതിരിക്കാന്‍ ആവനാഴി പരമാവധി നിറച്ചതോടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇതാദ്യമായി കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ ഇത്രയേറെ പ്രാധാന്യം കൈവരിക്കുന്നത്. ഒപ്പം എസ്.എന്‍.ഡി.പിയെ കൂടെക്കൂട്ടി ബി.ജെ.പിയും ചില്ലറ കളികള്‍ക്ക് രംഗത്തിറങ്ങിയതും തെരഞ്ഞെടുപ്പ് കൊഴിപ്പിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം ഭരിക്കുന്ന പാര്‍ട്ടികള്‍ സര്‍ക്കാര്‍ മാറി വരുമെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് പ്രചാരണ രംഗത്തും അത്തരം ഒരാലസ്യം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇക്കുറി കേരളം മുഴുവന്‍ യു.ഡി.എഫ് ഭരണതുടര്‍ച്ച നേടുമെന്ന വിശ്വാസം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പോസിറ്റീവ് എനര്‍ജിയായി തുടക്കം മുതല്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയുള്ള പ്രചരണത്തിലാണ് ഇക്കാര്യം ഏറെ വ്യക്തമായതെന്ന് പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ ഓരോ മുക്കിലും മൂലയിലുമുള്ള വീടുകളിലും എത്തിയ പ്രവര്‍ത്തകര്‍ക്ക് എല്ലാ വീടുകളിലും നിന്ന് സര്‍ക്കാരിനെക്കുറിച്ച് ലഭിച്ച മികച്ച പ്രതികരണവും നല്ല വാക്കുകളും പ്രവര്‍ത്തകരെ ആവേശത്തിലാക്കി. ഈയൊരു ട്രെന്‍ഡ് രൂപപ്പെട്ടതറിഞ്ഞ ഇടതു മുന്നണിയും പ്രവര്‍ത്തകരെ താഴെത്തട്ടുമുതല്‍ സജീവമാക്കിയതോടെ തെരഞ്ഞെടുപ്പ് രംഗം പതിവിലുമേറെ കൊഴുത്തു. ബീഫ് വിവാദമുള്‍പ്പെടെ വടക്കേന്ത്യയിലുണ്ടായ സംഭവവികാസങ്ങളും തെരഞ്ഞെടുപ്പില്‍ വിഷയങ്ങളായി. തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറുന്നതിനൊപ്പം വാര്‍ത്താ പ്രാധാന്യവും ഏറിയതോടെ സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയരാനും കാരണമായി.