
കണ്ണൂര്‍: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലെ 10 വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി പി.കെ ശ്യാമളയും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തവരുടെ എണ്ണം പുറത്തുവന്നത്. സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയാണ് പി.കെ ശ്യാമള.
മൊറാഴ, മുണ്ടപ്രം, മൈലാട്, തളിയില്‍, സി.എച്ച് നഗര്‍, അഞ്ചാംപീടിക, വേണിയില്‍, പാളിയത്ത് വളപ്പ്, കോടല്ലൂര്‍, പറശ്ശനിക്കടവ് എന്നീ സ്ത്രീ സംവരണ വാര്‍ഡുകളിലാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തളിപറമ്പ് നഗരസഭയുടെ ഭാഗമായിരുന്നു ആന്തൂര്‍. 28 വാര്‍ഡുകളാണ് പുതിയതായി രൂപീകരിച്ച ഈ നഗരസഭയിലുള്ളത്. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതെ പോയ വാര്‍ഡുകളെല്ലാം പാര്‍ട്ടി ഗ്രാമങ്ങളാണെന്ന് പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കായി ഒന്നരലക്ഷത്തോളം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.