ന്യൂഡല്‍ഹി: കൊറോണ കേസുകൾ ഇന്ത്യയിൽ കൂടുകയാണ് ഓരോ ദിവസവും . വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നീട്ടി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. എന്നാല്‍, തീവ്രബാധിത മേഖലകളിലാണ് നിയന്ത്രണം തുടരുക. ജൂണ്‍ 8 മുതല്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും.
ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
ആദ്യ ഘട്ടത്തില്‍ ജൂണ്‍ 8 മുതല്‍ ഇളവുകള്‍
1. ആരാധനാലയങ്ങള്‍ തുറക്കാം
2. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ മുതലായവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം
3. ഷോപ്പിംഗ് മാളുകള്‍ക്കും പ്രവര്‍ത്തനാനുമതി
രണ്ടാം ഘട്ടം
സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായി കൂടിയാലോചിച്ച ശേഷം സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ എന്നിവ തുറക്കും. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈയില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.
മൂന്നാം ഘട്ടം
സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പ്രവര്‍ത്തനം ആരംഭിക്കുന്നവ
1. അന്താരാഷ്ട്ര വിമാന സര്‍വീസ്
2. മെട്രോ റെയില്‍
3. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയം, മറ്റു ഹാളുകള്‍ എന്നിവ
4. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, സാംസ്‌കാരിക, മതചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള വലിയ ഒത്തുകൂടലുകള്‍
നൈറ്റ് കര്‍ഫ്യൂ
അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള യാത്രകള്‍ക്ക് രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെ നിയന്ത്രണം.
തീവ്ര ബാധിത മേഖലകളിലെ നിയന്ത്രണം
ജൂണ്‍ 30 വരെ തീവ്രബാധിത മേഖലകളില്‍ നിയന്ത്രണം തുടരും. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇത്തരം മേഖലകളെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം. തീവ്ര ബാധിത മേഖലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ ഒഴികെ ഈ മേഖലകളില്‍ നിന്നും അകത്തേക്കോ പുറത്തേക്കോ ഉള്ള സഞ്ചാരം അനുവദിക്കില്ല. നിരീക്ഷണം ശക്തമായി തുടരും. രോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ബഫര്‍ സോണുകളായി നിശ്ചയിക്കാം.
സംസ്ഥാന-സംസ്ഥാനാന്തര യാത്രകള്‍ക്ക് അനുമതി.
1. സംസ്ഥാന-സംസ്ഥാനാന്തര യാത്രകള്‍ക്ക് അനുമതി. ഇതിനായി പ്രത്യേക അനുമതിയോ ഇ-പെര്‍മിറ്റോ ആവശ്യമില്ല.
2. പൊതുജനാരോഗ്യം കണക്കിലെടുത്ത് യാത്രകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ അത് മുന്‍കൂട്ടി ജനങ്ങളെ അറിയിക്കണം.
3. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍, ആഭ്യന്തര വിമാന സര്‍വീസ്, രാജ്യത്തിന് പുറത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കല്‍, വിദേശത്തേക്ക് അടിയന്തിരമായി പോകാന്‍ പ്രത്യേക അനുമതി ലഭിച്ചവര്‍, വിദേശികളെ തിരിച്ചയക്കല്‍ എന്നിവ മുന്‍പത്തെപ്പോലെ തുടരും.
6. അയല്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ചരക്ക് നീക്കത്തിന് അനുമതി. അതിര്‍ത്തികളില്‍ ഇവ തടയരുതെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം.
ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്കല്ലാതെ 65 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിനു താഴെ പ്രായമുള്ള കുട്ടികളും, ഗര്‍ഭിണികളും വീടിനു പുറത്തിറങ്ങരുതെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.