കൊച്ചി: ആറാം വട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.ഇനി ഒരൊറ്റ ഘട്ടം കൂടി, അതു കഴിഞ്ഞാൽ വോട്ടെണ്ണൽ. നേതാക്കളുടെ ഹൃദയമിടിപ്പ് കൂട്ടി ലോക്സഭാ തിരഞ്ഞെടുപ്പ് ആറാം വട്ടം 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ്.രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആറാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ ഏഴും ഹരിയാനയില്‍ 10ഉം ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇവയടക്കം 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നിന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും സുല്‍ത്താന്‍പൂരില്‍ നിന്ന് മനേക ഗാന്ധിയും മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും ഭോപ്പാലില്‍ നിന്ന് ദ്വിഗ് വിജയ് സിങ്, പ്രഗ്യാ സിങ് ഠാക്കൂര്‍ എന്നിവരുമാണ് മത്സര രംഗത്തുള്ള പ്രമുഖര്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അജയ്മാക്കന്‍, ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൌതം ഗംഭീര്‍, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എന്നിവരാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രമുഖര്‍. ബിഹാറില്‍ നിന്ന് ജനവിധി തേടുന്ന കേന്ദ്രമന്ത്രി രാധ മോഹന്‍ സിങാണ് മറ്റൊരു പ്രമുഖന്‍.
ആരോപണ പ്രത്യാരോപണങ്ങളുമായി ഇന്നും പ്രചാരണ രംഗം സജീവമായിരുന്നു. സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച നരേന്ദ്ര മോദിയുടെ പൊതുപരിപാടി പഞ്ചാബിലായിരുന്നു. ശേഷം ഹിമാചല്‍ പ്രദേശിലെ റാലിയിലും പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ ദുമരിയാഗഞ്ച്, ബസ്തി കബീര്‍നഗര്‍, ബദോഹി എന്നിവിടങ്ങളില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. ദിവസം രണ്ട് രൂപ മാത്രം ധനസഹായം നല്‍കിയ ബി.ജെ.പി സര്‍ക്കാറിന്‍റെ പദ്ധതി കിസാന്‍ സമ്മാന്‍ യോജന കിസാന്‍ അപമാന്‍ യോജനയാണെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശിലും, ചണ്ഡിഗഢിലും പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.