കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കോയമോൻ സ്പർധ വളർത്തൽ, അന്യായ സംഘത്തിൽ അംഗമാകൽ, സ്ഫോടകവസ്തു നിരോധന എന്നീ വകുപ്പുകളിൽ കുറ്റം ചെയ്തെന്നാണ് തെളിഞ്ഞത്. നിസാമുദ്ദീൻ ശിക്ഷാ നിയമ പ്രകാരം കൊല, അന്യായ സംഘാംഗമാകൽ, മാരകായുധവുമായി കലാപം, ആയുധനിരോധ നിയമം 27 എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു.
2003 മേയ് രണ്ടിന് അന്യായമായി സംഘം ചേർന്ന് കൊല നടത്തിയതിൽ അരയ സമാജത്തിലെ എട്ടുപേരും അക്രമിസംഘത്തിലെ യുവാവും മരിച്ചതായാണു കേസ്. ഒളിവിൽ പോയ കോയമോൻ 2011 ജനുവരി 23ന് സൗത്ത് ബീച്ചിലും നിസാമുദ്ദീൻ 2010 ഒക്ടോബർ 15ന് നെടുമ്പാശേരി എയർപോർട്ടിലുമാണ് പിടിയിലായത്.
2011 ജനുവരി 23-ന് സൗത്ത് ബീച്ചിൽ ഒളിവിൽ താമസിക്കുന്നതിനിടയിലാണ് കോയമോൻ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി ഒളിവിൽപ്പോവുകയായിരുന്നു. 2010 ഒക്ടോബർ 15-നാണ് നിസാമുദ്ദീൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലാവുന്നത്.


