ഡൽഹി: മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി ബിജെപിയും കോൺഗ്രസും കമൽനാഥ് നശിപ്പിച്ച് നഷ്ടമായ സംസ്ഥാന ഭരണം തിരിച്ചു പിടിക്കാൻ കരുക്കൾ നീക്കി കോൺഗ്രസും.ഈ വർഷം അവസാനത്തോടെയാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുക .ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ കോൺഗ്രസിനേയും ബി ജെ പിയേയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.
സംസ്ഥാന ഭരണം ലക്ഷ്യം വെച്ച് ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ കോൺഗ്രസ് നേതൃത്വം ആവിഷ്കരിച്ച് കഴിഞ്ഞു. കർണാടകയിലേതിന് സമാനമായ രീതിയിൽ സൗജന്യ വൈദ്യുതി ഉൾപ്പെടെ വൻ വാഗ്ദാനങ്ങളും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബി ജെ പിയും മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ വലിയ മാറ്റം ഇത്തവണ നടപ്പാക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു മധ്യപ്രദേശിൽ ബി ജെ പി നേരിട്ടത്. കോൺഗ്രസ് തരംഗത്തിൽ 15 വർഷം ഭരിച്ച സംസ്ഥാനത്ത് നിന്ന് ബി ജെ പി തൂത്തെറിയപ്പെട്ടു. എന്നാൽ 2020 ൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ‘ഓപ്പറേഷൻ കമല’യിലൂടെ ബി ജെ പി അധികാരത്തിൽ നിന്നും താഴെയിറക്കി. കമൽനാഥും യുവ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി ആയുധമാക്കിയായിരുന്നു ബി ജെ പിയുടെ ഈ അട്ടിമറി.
എന്നാൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ ബി ജെ പിയുടെ നില ഏറെ പരുങ്ങലിലാണ്. പാർട്ടി നേതൃത്വം നടത്തിയ മൂന്നിൽ രണ്ട് സർവ്വേകളിലും സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇത്തവണ മികച്ച സ്ഥാനാർത്ഥികളെ ഇറക്കി ഭരണം നിലനിർത്താനുള്ള തന്ത്രങ്ങളാണ് ബി ജെ പി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ കൂടുതൽ ലോക്സഭ അംഗങ്ങളെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 28 എംപിമാരാണ് ബി ജെ പിക്ക് സംസ്ഥാനത്ത് ഉള്ളത്. ഇവരിൽ പകുതിയോളം പേരെ സ്ഥാനാർത്ഥികളാക്കിയേക്കുമെന്നാണ് സൂചന.
എന്നാൽ ജനപിന്തുണയുള്ള എംപിമാരെ മാത്രമേ പരിഗണിക്കൂവെന്നാണ് മുതിർന്ന ബി ജെ പി നേതാക്കൾ പറയുന്നത്. ‘2019 ലെ മോദി തരംഗത്തിൽ 28 സീറ്റുകൾ നമ്മുക്ക് നേടിയെടുക്കാൻ കഴിഞ്ഞു. എന്നാൽ എംപിയായത് കൊണ്ട് മാത്രം അവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല. സ്വന്തം മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ശക്തമായ സ്വാധീനം ഉള്ളവരെ മാത്രമായിരിക്കും സ്ഥാനാർത്ഥികളാക്കുക – ബി ജെ പി നേതാവ് പറഞ്ഞു.
15 എംപിമാരുടെ പേരുകൾ നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം എംപിമാരിൽ പലരും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നേതാക്കളെ പരിഗണിക്കുന്നെന്നാണ് സംസ്ഥാന ബി ജെ പി നേതൃത്വം പറയുന്നത്. അതേസമയം ഇത്തവണ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലായിരിക്കുമോ ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഭരണം നിലനിർത്താൻ ചൗഹാനെ മാറ്റി നിർത്തണമെന്നും യുവ നേതാക്കളെ പരിഗണിക്കണമെന്നുമുളള ആവശ്യം പാർട്ടിയിൽ ശക്തമാണ്.
ജ്യോതിരാദിത്യ സിന്ധ്യയെ പരിഗണിക്കണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ പാർട്ടിയിലും പുറത്തും വലിയ സ്വാധീനമുള്ള ചൗഹാനെ മാറ്റി നിർത്തുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്. കർണാടകയിൽ മുതിർന്ന നേതാവായ യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് ഇത്തവണ ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. ഈ സാഹചര്യത്തിൽ വളരെ കരുതലോടെയാകും ബിജെപി മധ്യപ്രദേശിൽ നീങ്ങിയേക്കുക.