മദ്രസാ അധ്യാപകന്റെ കൊലപാതകം; ആര്‍എസ്എസ് ലക്ഷ്യമിട്ടത് കേരളത്തില്‍ വന്‍ വര്‍ഗീയ കലാപത്തിന്

കാസര്‍കോട്: മദ്രസ അധ്യാപകന്റെ കൊലയിലൂടെ സംസ്ഥാനത്ത് വന്‍ വര്‍ഗീയ കലാപത്തിന് സംഘപരിവാര്‍ സംഘടകള്‍ കോപ്പുകൂട്ടിയതായി പോലീസിന് വിവരം ലഭിച്ചു.

പഴയ ചൂരിയില്‍ മദ്രസ അധ്യാപകന്‍ മടിക്കേരിയിലെ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധൂര്‍ പഞ്ചായത്തിലെ കൂഡ്‌ലു കേളുഗുഡ്ഡെയിലെ അയ്യപ്പനഗറില്‍ ഭജനമന്ദിരത്തിന് സമീപം താമസിക്കുന്ന സുബ്രഹ്മണ്യന്റെ മകന്‍ അപ്പു എന്ന അജേഷ് (20), കേളുഗുഡ്ഡെ മാത്തയില്‍ ശിവാനന്ദയുടെ മകന്‍ നിഥിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ കേശവകുടീരത്തിലെ സുരേഷിന്റെ മകന്‍ അഖില്‍ എന്ന അഖിലേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മതസ്പര്‍ധയാണ് കൊലക്ക് കാരണമെന്ന് പ്രത്യേക അന്വേഷണസംഘ തലവനായ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസ് പറഞ്ഞു.

കൊലയിലുടെ മതസൗഹാര്‍ദം തകര്‍ത്ത് നാട്ടില്‍ കലാപമുണ്ടാക്കലായിരുന്നു ലക്ഷ്യം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12.15 ഓടെയാണ് മുഹമ്മദ് റിയാസിനെ മധൂര്‍ പഞ്ചായത്തിലെ പഴയ ചൂരിയിലെ മുഹ്യുദ്ധീന്‍ ജുമാ മസ്ജിദിനോടു ചേര്‍ന്നുള്ള താമസ മുറിയില്‍ കുത്തിക്കൊന്നത്. കേളുഗുഡ്ഡെയിലെ ആര്‍എസ്എസ് ശാഖയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് മൂവരും. അടുത്ത സുഹൃത്തുക്കളായ ഇവര്‍ ശാഖയില്‍ നിത്യവും പരിശീലനവും നടത്തുന്നുണ്ട്.

20ന് രാത്രി താളിപ്പടുപ്പ് മൈതാനിയില്‍ ഒത്തുകൂടിയ മൂവരും വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് കൊലയ്ക്ക് പദ്ധതിയിട്ടു. അര്‍ധരാത്രിയോടെ, സ്ഥിരമായി കരുതുന്ന കത്തിയുമായി അജേഷ് താളിപ്പടുപ്പ് മുതല്‍ കേളുഗുഡ്ഡൈ ഭാഗത്തേക്ക് പോയി. പിന്നാലെ ബൈക്കില്‍ അഖിലേഷ് നിഥിനുമായി പിന്തുടര്‍ന്നു. പഴയ ചൂരിയിലെപള്ളിക്ക് മുമ്പില്‍ ഇവര്‍ നിന്നു. അഖിലേഷ് ബൈക്കിലിരുന്നപ്പോള്‍ അജേഷും നിഥിനും പള്ളിയില്‍ കയറി. അപരിചിതരുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ മുഹമ്മദ്‌റിയാസിനെ അജേഷ് കുത്തി. റിയാസിന്റെ ശരീരത്തില്‍ 28 കുത്തുകളുണ്ട്. ബഹളം കേട്ട് തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പള്ളി ഉമാം അബ്ദുള്‍ അസീസ് വാതില്‍ തുറന്നപ്പോള്‍ കല്ലെറിഞ്ഞു. ഇയാള്‍ വാതിലടിച്ച് പള്ളിയിലെ മൈക്കില്‍ നാട്ടുകാരെ വിളിച്ച് കൂട്ടി. നാട്ടുകാരെത്തുമ്പോഴേക്കും മുവരും ബൈക്കില്‍ രക്ഷപെട്ടു.

കേളുഗുഡ്ഡെയിലെ അഖിലേഷിന്റെ ബന്ധുവീട്ടിലെ പറമ്പില്‍ ബൈക്ക് നിര്‍ത്തിയിട്ട് തൊട്ടടുത്ത പറമ്പില്‍ കത്തി വലിച്ചെറിഞ്ഞു. അഖിലേഷിന്റെ വീട്ടിലെത്തിയ മൂവരും അന്ന് അവിടെ തങ്ങി. ചൊവ്വാഴ്ച രാവിലെ അഖിലേഷ് കാസര്‍കോട് നഗരത്തില്‍ ജോലി ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് പോയി. ഇതിന് മുമ്പെ വീട്ടില്‍ നിന്നിറങ്ങിയ അജേഷും നിഥിനും രണ്ട് ദിവസം കേളുഗുഡ്ഡെയിലെ ഷെഡ്ഡില്‍ കഴിഞ്ഞു. കൂലിപ്പണിക്കാരായ ഇരുവരും നാട്ടില്‍ നിന്ന് അപ്രത്യക്ഷമായത് ശ്രദ്ധയില്‍ പെട്ട പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ആദ്യം പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ അഖിലേഷും പിടിയിലായി.

കുത്താന്‍ ഉപയോഗിച്ച കത്തിയും സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെത്തി. കൊലയ്ക്ക് പുറമെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍, വീട്ടില്‍ കയറി കുറ്റകൃത്യം, തെറ്റിദ്ധാരണ പരത്തി കുറ്റം മറച്ചുവെക്കല്‍, സംഘടിത കുറ്റകൃത്യം എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. കാസര്‍കോട് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതികളെ ജഡ്ജ് എ നിസാം കാഞ്ഞങ്ങാട് സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Top