സ്വന്തം ലേഖകൻ
കോട്ടയം: എതിർക്കുന്നവരെ ഏതുരീതിയിലും ഇല്ലാതാക്കുന്ന മാഫിയ സംഘത്തിന്റെ നിലയിലേയ്ക്കു സംസ്ഥാന സർക്കാർ അധപ്പതിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കുറ്റപ്പെടുത്തി. നവകേരള മാർച്ചിന്റെ ഭാഗമായി കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാർ എല്ലാ വൃത്തികേടുകളുടെയും കൂടാരമായി മാറി. സോളാർ കേസിൽ ഇപ്പോൾ ഗൂഢാലോചനയുണ്ടെന്നാണ് ഉമ്മൻചാണ്ടിയും കൂട്ടരും ഇപ്പോൾ ആരോപിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കൂട്ടത്തിലെ കുടിലബുദ്ധിക്കാരുടെ തന്ത്രമാണ് ഇപ്പോൾ കേസിൽ ഗുഡാലോചന എന്ന ആരോപണം ഉയരുന്നതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ചു നേരത്തെ ആരോപണം ഉയർന്നപ്പോൾ, ഇ.പി ജയരാജൻ കോൺഗ്രസ് നേതാവ് എം.എം ഹസനെ ഫോണിൽ ബന്ധപ്പെട്ടു. എന്താണ് ഈ ആരോപണം ഉയർത്തുന്നതെന്നു ചോദിച്ചു. രാഷ്ട്രീയമല്ലേ ജയരാജാ എന്ന മറുപടിയാണ് എം.എം ഹസൻ നൽകിയത്. രാഷ്ട്രീയമാണെന്നതിന്റെ പേരിൽ എന്തു നെറികേടും വിളിച്ചു പറയാമെന്നാണോ കോൺഗ്രസുകാർ കരുതുന്നത്. സരിതയ്ക്കു പണം കൊടുത്ത് സർക്കാരിനെ അട്ടിമറിക്കാനുള്ള നെറികേട് സിപിഎം കാണിക്കാറില്ല. ഇത്തരത്തിൽ കാശുകൊടുത്തു തെളിവുണ്ടാക്കേണ്ട സാഹചര്യം സിപിഎമ്മിനില്ല. ഞങ്ങൾക്ക് ഇത്തരത്തിലുള്ള ബന്ധം സരിതയുമായില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കേസിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പുറത്തു വരും വരെക്ഷമിക്കുന്നതിനാണ് ഇപ്പോൾ എ.കെ ആന്റണി പറഞ്ഞിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിന്റെ ജീർണതയുടെ ഭാഗമായാണ് ഇപ്പോൾ ആന്റണി ഇത്തരത്തിൽ പറയുന്നത്. കോൺഗ്രസ് ഒറു പാർട്ടി അല്ലാതായിക്കഴിഞ്ഞു. ധാർമികതയുള്ള ഒരു പാർട്ടിക്കു ഇത്തരത്തിൽ ഒരു തരത്തിലും ഇത്തരത്തിലുള്ള സർക്കാരിനെ തുടരാൻ അനുവദിക്കാൻ സാധിക്കില്ല. ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്ന രീതിയാണ് ഇപ്പോൾ. സർക്കാരിനെ ന്യായീകരിക്കാൻ എത്തിയ ആന്റണി പോലും അപഹാസ്യനാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഭരണതുടർച്ചയുണ്ടാകും എന്ന സ്വപ്ന ലോകത്തേയ്ക്കാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളും ആന്റണിയും എത്തിച്ചേർന്നിരിക്കുന്നത്. കേരളത്തിൽ രാഷ്ട്രപതിഭരണം വേണമോ എന്നാണ് ആന്റണി ഇപ്പോൾ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. സർ്ക്കാരിനെ പിരിച്ചു വിടണമെന്ന ആവശ്യം സിപിഎം ഇതുവരെ ഉന്നയിച്ചിട്ടില്ല. മറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവയ്ക്കണമെന്നാണ് ആവശ്യം. എല്ലാ നെറികേടുകളുടെയും കൂടാരമായി മാറിയ ഉമ്മൻചാണ്ടി രാജി വച്ച് മാറിനിൽക്കണം. യുഡിഎഫിനു ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാം. കോൺഗ്രസിലും യുഡിഎഫിലും മുഖ്യമന്ത്രിയാകാൻ അർഹതയുള്ളവർ മറ്റാരുമില്ലേ എന്നാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിന്റെ കാര്യത്തിൽ പാർട്ടി കൃത്യമായ നിലപാടുണ്ട്. മദ്യനിരോധനം എന്നല്ല, മറിച്ചു മദ്യ വർജനം എന്നതാണ്. മദ്യവർജനം എന്നാൽ മദ്യത്തെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. മദ്യ നിരോധനം ഉണ്ടായ സ്ഥലങ്ങളിൽ അതുകൊണ്ടുണ്ടായ കെടുതികൾ അറിയാവുന്നതാണ്. മദ്യാസക്തിക്കെതിരെ സിപിഎമ്മിന്റെ മഹിളാ സംഘടനകളും, ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. സർക്കാരിന്റെ ഒരു വർഷത്തേയ്ക്കുള്ള മദ്യനയമാണ് പ്രഖ്യാപിക്കുന്നത്. അപ്പോൾ മദ്യ നയം സംബന്ധിച്ചു പ്രഖ്യാപിക്കാം. ബാർ ഉമടകളിൽ നിന്നു പണം വാങ്ങാത്ത ഏക പാർട്ടി തങ്ങളുടെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള മാർച്ചിന്റെ ഭാഗമായി ജില്ലയിലെ വ്യാവസായിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ജില്ലയിലെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹം ചർച്ച നടത്തിയത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെല്ലാം യോഗത്തിൽ പങ്കെടുത്തു നിർദേശങ്ങൾ സമർപ്പിച്ചു. ഈ നിർദേശങ്ങൾ എല്ലാം നവകേരള മാർച്ചിനു ശേഷം ചർച്ച ചെയ്തു തീരുമാനിക്കും.