കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍; മജിസ്‌ട്രേറ്റ് ഇറങ്ങിപ്പോയി

കൊച്ചി: കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍. മഹാരാജനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ശേഷവും പ്രോസിക്യൂഷന്‍ വാദം തുടര്‍ന്നു. കോടതി ആദ്യം കേട്ടത് പ്രതിയുടെ വാദമായിരുന്നു.

ഇതിനെതിരെ പ്രോസിക്യൂഷന്‍ പരസ്യമായി പ്രതിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് മജിസ്‌ട്രേറ്റ് ഇറങ്ങിപ്പോയി. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യം മജിസ്‌ട്രേറ്റ് അംഗീകരിച്ചില്ല. പ്രോസിക്യൂഷന്‍ പറയുന്നത് കേള്‍ക്കാതെ മജിസ്‌ട്രേറ്റ് ഇറങ്ങിപ്പോവുകയായിരുന്നു. ഒരു ദിവസത്തെ ജാമ്യം അനുവദിച്ച മഹാരാജനെ ഇന്ന് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10 ദിവസത്തെ കസ്റ്റഡിയിലാണ് മഹാരാജനെ വിട്ടത്. കസ്റ്റഡി അനുവദിച്ച ശേഷം കേസില്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു. ഗുരുതരമായ വഞ്ചനയാണ് ഇതില്‍ നടന്നിരിക്കുന്നത്. ഇത് സമൂഹത്തെ ബാധിക്കുന്ന വലിയൊരു സംഭവമാണ് തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ ഇത് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്ന കാര്യമാണ്. അത് ഇപ്പോള്‍ കേള്‍ക്കാനാവില്ല.

പിന്നീട് കേള്‍ക്കാമെന്ന് ജഡ്ജി പറഞ്ഞു. ഇതോടെ പ്രോസിക്യൂട്ടര്‍ കോടതിക്കകത്തുവെച്ച് പരസ്യമായി പ്രതിഷേധം അറിയിച്ചു. ഇതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജഡ്ജി ചേംബറിലേക്ക് ഇറങ്ങിപ്പോയി. ഏറെ സാഹസികമായി പിടികൂടിക്കൊണ്ടുവന്ന പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്.

ഇതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചെന്നൈയില്‍ നിന്നാണ് പി.മഹാരാജന്‍ പിടിയിലായത്. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇയാള്‍ക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

പള്ളുരുത്തിയിലെ കൊള്ളപ്പലിശ കേസില്‍ ചെന്നൈയില്‍നിന്ന് അതി സാഹസികമായാണ് മഹാരാജനെ പൊലീസ് പിടികൂടിയത്. വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചാണ് ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു മഹാരാജനെതിരെ കേസെടുത്തിരുന്നത്. എന്നാല്‍, ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇല്ലാതിരുന്നതിനാല്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.

മഹാരാജന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ കേസന്വേഷണം പ്രതിസന്ധിയിലായി. മഹാരാജനെ അറസ്റ്റ് ചെയ്യുന്നതിനും പിന്നീട് അറസ്റ്റ് ഒഴിവാക്കുന്നതിനും പൊലീസിനു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നാണ് സൂചന.

ശനിയാഴ്ചയാണ് മഹാരാജനെ ചെന്നൈയില്‍നിന്ന് സി.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം പിടികൂടിയത്. ചെന്നൈ വിരുഗമ്പാക്കത്തുള്ള വീട് വളഞ്ഞ പോലീസ് ആകാശത്തേക്ക് വെടിവെച്ച് അനുയായികളെ വിരട്ടിയതിന് ശേഷമാണ് ഇയാളെ പിടികൂടിയത്.

കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ സംഘത്തിന്റെ തലവനാണ് മഹാരാജന്‍. ജൂലായില്‍ അറസ്റ്റുചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കോയമ്പത്തൂരില്‍ വെച്ച് അനുയായികള്‍ പൊലീസ് വാഹനം ആക്രമിച്ച് മഹാരാജനെ രക്ഷപ്പെടുത്തിയിരുന്നു.

പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയെത്തുടര്‍ന്നാണ് കോടിക്കണക്കിന് രൂപ പലിശയ്ക്ക് വായ്പ നല്‍കുന്ന തമിഴ്‌നാട് സ്വദേശി മഹാരാജന്‍ രണ്ടുമാസം മുമ്പ് പിടിയിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി മഹാരാജന്റെ അനുയായികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

Top